കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംഭവനയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‍മാനും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനുമായ റിഷഭ് പന്ത്. ഹേംകുണ്ഡ് ഫൗണ്ടേഷനുമായി ചേർന്ന് ഓക്സിജൻ സിലിണ്ടറുകൾക്കും കിടക്കകൾക്കും കോവിഡ് ദുരിതാശ്വാസ കിറ്റുകൾക്കും പണം നൽകുമെന്ന് താരം ശനിയാഴ്ച പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു റിഷഭ് പന്തിന്റെ പ്രഖ്യാപനം.
”നമ്മുടെ രാജ്യത്തുടനീളം നിരാശയുടെ തോത് വളരെ വലുതാണ്, എന്നെ അത് വല്ലാതെ ബാധിച്ചു. വ്യക്തിപരമായ ഒരു നഷ്ടം അടുത്ത് സംഭവിച്ച ആളെന്ന നിലയിൽ, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദുരിതമനുഭവിച്ച എല്ലാ എല്ലാ കുടുംബങ്ങളെ കുറിച്ചും ഞാൻ ചിന്തിക്കുന്നു, നമ്മളെ വിട്ടുപോയവരുടെ ആത്മാക്കൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു” പന്ത് ട്വിറ്ററിൽ കുറിച്ചു.
“കായികരംഗത്ത് നിന്ന് ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഒരു ടീമായി ഒരുമിച്ച് ഒരു കാര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയെ സഹായിക്കുന്ന എല്ലാ കോവിഡ് മുൻനിര പ്രവർത്തകർക്കും എന്റെ സല്യൂട്ട്. അത്യപൂർവമായ ഈ സാഹചര്യങ്ങളെ മറികടക്കാൻ ഇന്ത്യയെ സഹായിക്കുന്നതിന് നമ്മളുടെ എല്ലാ കൂട്ടായ പരിശ്രമങ്ങളും ആവശ്യമാണ്”
Read Also: ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
“രാജ്യത്തുടനീളം ദുരിതമനുഭവിക്കുന്നവർക്ക് ഓക്സിജൻ സിലിണ്ടറുകളും കിടക്കകളും ദുരിതാശ്വാസ കിറ്റുകളും നൽകുന്ന ഹേംകുണ്ഡ് ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽ ധനസഹായത്തിലൂടെ ഞാനും പിന്തുണക്കുന്നു. ഇന്ത്യയിലെ ഗ്രാമങ്ങൾക്കും മെട്രോ ഇതര നഗരങ്ങൾക്കും വൈദ്യസഹായവും പിന്തുണയും നൽകുന്ന സംഘടനകളുമായി പ്രവർത്തിക്കാൻ ഞാൻ പ്രത്യേകം ആഗ്രഹിക്കുന്നു, പ്രധാന നഗരങ്ങളുടേത് പോലുള്ള ആരോഗ്യ സംവിധാനങ്ങൾ അവിടെയില്ല” റിഷഭ് ട്വിറ്ററിൽ കുറിച്ചു.
“രാജ്യത്തെ ചെറിയ പ്രദേശങ്ങളെ സഹായിക്കാൻ ഉതകുന്ന തരത്തിൽ നിങ്ങൾക്ക് കഴിയുന്ന സംഭാവന നൽകാനും,കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന വാക്സിനേഷൻ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രവർത്തിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതരായിരിക്കാനും, കോവിഡ് നിബന്ധനകൾ പാലിക്കാനും, കഴിയുമ്പോൾ വാക്സിൻ സ്വീകരിക്കാനും ഓർക്കുക. റിഷഭ് പറഞ്ഞു.
പന്തിനെ കൂടാതെ വിദേശ താരങ്ങൾ ഉൾപ്പടെ നിരവധി ക്രിക്കറ്റ് താരങ്ങൾ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു. പാറ്റ് കമ്മിൻസ്, വിരാട് കോഹ്ലി, ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, എന്നിവർ ഇന്ത്യക്ക് സഹായവുമായി മുന്നോട്ട് വന്നിരുന്നു.