ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. ഗുജറാത്ത് ലയണ്‍സിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി മുട്ടുകുത്തിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മറികടന്നു. റിഷഭ് പന്തിന്റെയും സഞ്ജു വി സാംസണിന്റെയും അര്‍ധസെഞ്ചുറികളാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. റിഷഭ് പന്ത് 43 പന്തിലാണ് 97 റണ്‍സ് അടിച്ചുകൂട്ടിയത്.

ഐപിഎല്ലില്‍ ആദ്യ സെഞ്ചുറിയെന്ന നേട്ടത്തിന് മൂന്ന് റണ്‍സ് അകലെ 19കാരനായ റിഷഭ് വീണുപോയത് ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം വേദനിപ്പിച്ചു. ഹൃദയഭേദകമെന്ന് തോന്നിച്ച നിമിഷങ്ങളില്‍ ഗുജറാത്ത് താരം സുരേഷ് റെയ്ന റിഷഭിനെ സമാശ്വസിപ്പിച്ചത് മൈതാനത്തെ കുളിര്‍മ്മയേകുന്ന കാഴ്ച്ചയായി. റെയ്ന എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും നിരാശയോടെ നിന്നിരുന്ന ആ 19കാരന്‍ പിന്നീട് ആഹ്ലാദത്തോടെയാണ് മൈതാനത്ത് നിന്നും പുറത്തേക്ക് പോയത്.

റിഷഭ് പന്തും 22കാരന്‍ സഞ്ജു സാസണും ചേര്‍ന്നാണ് ഗുജറാത്തിന്‍റെ കൂറ്റന്‍ സ്കോറിനെ മറികടക്കാവുന്ന ലക്ഷ്യമാക്കി മെരുക്കിയെടുത്തത്. 31 പന്തില്‍ നിന്ന് 61 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ആവേശകരമായ മത്സരത്തിനൊടുവില്‍ പതിനെട്ടാം ഓവറിലെ മൂന്നാം പന്ത് സിക്‌സറിലേക്ക് പറത്തിയാണ് ആന്‍ഡേഴ്‌സണ്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ