സിഡ്‌നി: ഐപിഎല്ലിലെ മോശം പ്രകടനത്തിനു പഴികേട്ട ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തി. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇലവന് വേണ്ടി പന്ത് സെഞ്ചുറി നേടി. രണ്ടാം ദിനം കളി നിർത്തുമ്പോൾ 73 പന്തിൽ ഒൻപത് ഫോറും ആറ് സിക്‌സും സഹിതം 103 റൺസുമായി പന്ത് പുറത്താകാതെ നിൽക്കുന്നു. ഇന്നത്തെ അവസാന ഓവറിൽ ഒരു സിക്‌സും നാല് ഫോറുമാണ് പന്ത് നേടിയത്.

പന്തിന് പുറമേ ഇന്ത്യ ഇലവന് വേണ്ടി ഹനുമ വിഹാരിയും സെഞ്ചുറി നേടി. 194 പന്തിൽ നിന്ന് 13 ഫോറിന്റെ അകമ്പടിയോടെ 104 റൺസ് നേടിയ ഹനുമ വിഹാരിയും പുറത്താകാതെ നിൽക്കുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഇലവന്റെ ടോട്ടൽ നാല് വിക്കറ്റ് നഷ്ടത്തിൽ 386 റൺസായി. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 472 ആയി. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 194 റൺസ് നേടിയപ്പോൾ ഓസ്‌ട്രേലിയ എയ്‌ക്ക് നേടാൻ സാധിച്ചത് 108 റൺസ് മാത്രമാണ്. 86 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യയ്‌ക്കുണ്ട്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്കുവേണ്ടി ശുഭ്‌മാൻ ഗിൽ ( 78 പന്തിൽ 65 ), മായങ്ക് അഗർവാൾ ( 120 പന്തിൽ 61) എന്നിവരും മികച്ച പ്രകടനം നടത്തി.

Read Also: അത് ഔട്ടല്ല; അംപയർക്ക് പിഴവ്, നിസഹായനായി ശുഭ്‌മാൻ ഗിൽ, വീഡിയോ

ഐപിഎല്ലിലെ മോശം ഫോമിനെ തുടർന്നാണ് ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന, ടി 20 പരമ്പരകളിൽ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കിയത്. എന്നാൽ, സന്നാഹ മത്സരത്തിലെ പന്തിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നു. ആദ്യ ടെസ്റ്റിൽ പന്ത് തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 17-ാം തിയതി ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook