അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ബാറ്റിങ് ദുഷ്‌കരമെന്ന് വിധിയെഴുതിയ പിച്ചിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്ത് ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു. പതുക്കെ തുടങ്ങിയ ഇന്നിങ്സ് ക്ലൈമാക്‌സിലേക്ക് എത്തിയപ്പോഴേക്കും ഒരു പരിമിത ഓവർ മത്സരത്തിന്റെ പ്രതീതിയായി.

Image

വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും അടക്കമുള്ള ലോകോത്തര ടെസ്റ്റ് ബാറ്റ്‌സ്‌മാൻമാർ നിരാശപ്പെടുത്തിയ മൊട്ടേരയിലെ പിച്ചിൽ അനായാസം റൺസ് കണ്ടെത്തുകയായിരുന്നു പന്ത്. 118 പന്തിൽ നിന്ന് 101 റൺസ് നേടിയാണ് ഒടുവിൽ പന്ത് പുറത്തായത്. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചുറിയാണ് പന്ത് അഹമ്മദാബാദിൽ നേടിയത്. 13 ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് പന്തിന്റെ കിടിലൻ ഇന്നിങ്സ്.

ഒരു സമയത്ത് ആൻഡേഴ്‌സണെയും സ്റ്റോക്‌സിനെയും പന്ത് തുടർച്ചയായി ബൗണ്ടറി പായിച്ചു. അർധ സെഞ്ചുറിക്ക് ശേഷം കൂടുതൽ പ്രഹരശേഷിയോടെ ആക്രമിച്ചു കളിക്കുന്ന പന്തിനെയാണ് ഇന്ന് കണ്ടത്. 94 റൺസായിരിക്കെ സിക്‌സടിച്ചാണ് പന്ത് സെഞ്ചുറിയിലേക്ക് എത്തിയത്. ‘റിയലി ഫൺ’ എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റർമാർ പന്തിന്റെ സെഞ്ചുറിക്ക് കയ്യടിച്ചത്.

94 റൺസിൽ നിൽക്കെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ഓവറിലെ ആദ്യ പന്ത് സ്വീപ് ഷോട്ടിലൂടെ സിക്‌സാക്കുകയായിരുന്നു റിഷഭ് പന്ത്. റൂട്ടിനെ ഉയർത്തിയടിച്ചത് ക്യാച്ച് ആകുമോ എന്ന് ഡ്രസിങ് റൂമിലെ ഏറ്റവും പിന്നിൽ ഇരുന്നു കളികാണുകയായിരുന്നു നായകൻ കോഹ്‌ലി. പന്ത് സിക്‌സടിച്ച ഉടനെ കാേഹ്‌ലി സീറ്റിൽ നിന്നു എഴുന്നേറ്റു. റിഷഭ് പന്തിന്റെ ഷോട്ട് എവിടേക്കാണ് പോകുന്നതെന്ന് നോക്കാൻ കോഹ്‌ലി ഡ്രസിങ് റൂം ബാൽക്കണിയിലേക്ക് ഓടിയെത്തി. ഒടുവിൽ അത് സിക്‌സാണെന്ന് ബോധ്യപ്പെട്ടതോടെ ഇന്ത്യൻ നായകന് സന്തോഷമടക്കാനായില്ല. നിറചിരിയോടെ പന്തിന്റെ സെഞ്ചുറി ആഘോഷിക്കുകയായിരുന്നു കോഹ്‌ലി. ഡ്രസിങ് റൂം ബാൽക്കണയിൽ നിന്ന് കെെയടിച്ചും ഓളിയിട്ടുമാണ് കോഹ്‌ലി പന്തിന്റെ സെഞ്ചുറിയിൽ സന്തോഷം പ്രകടിപ്പിച്ചത്.

146/6 എന്ന നിലയിൽ പതറുകയായിരുന്ന ഇന്ത്യയെ വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് സുരക്ഷിത താവളത്തിൽ എത്തിക്കുകയായിരുന്നു പന്ത് ചെയ്‌തത്. ഏഴാം വിക്കറ്റിൽ പന്തും സുന്ദറും ചേർന്ന് 103 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തി. സുന്ദർ അർധ സെഞ്ചുറിയുമായി പുറത്താകാതെ നിൽക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook