ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്റിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച് ഡൽഹി താരം റിഷഭ് പന്ത്. ട്വന്റി-20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് റിഷഭ് പന്ത് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 പോരാട്ടത്തില്‍ ഹരിയാനക്കെതിരെ 38 പന്തില്‍ 116 റണ്‍സടിച്ചാണ് പന്ത് പുതിയ ചരിത്രമഴുതിയത്. 32 പന്തിലാണ് പന്ത് സെഞ്ചുറി പിന്നിട്ടത്.

ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മാസം രോഹിത് ശര്‍മ 35 പന്തില്‍ സെഞ്ചുറി നേടിയതിന്റെ റെക്കോര്‍ഡാണ് പന്ത് തകര്‍ത്തത്. ട്വന്റി-20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമാണിത്. 30 പന്തില്‍ സെഞ്ചുറി തികച്ചിട്ടുള്ള ക്രിസ് ഗെയില്‍ മാത്രമാണ് അതിവേഗ സെഞ്ചുറിയില്‍ പന്തിന് മുന്നിലുള്ളത്.

എട്ട് ഫോറും 12 സിക്സറുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. പന്തിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തില്‍ ഹരിയാന ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം എട്ടോവര്‍ ശേഷിക്കെ ഡല്‍ഹി മറികടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ