ഓവലിൽ നടന്ന ഇംഗ്ലണ്ടിനെിരായ അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്ത് എന്ന 20 കാരൻ തന്റെ കന്നി സെഞ്ചുറി നേടിയിരുന്നു. 74-ാം ഓവറിൽ ആദിൽ റഷീദിന്റെ ബോൾ സിക്സർ ഉയർത്തിയാണ് പന്ത് സെഞ്ചുറി പൂർത്തിയാക്കിയത്. 14 ബൗണ്ടറികളും മൂന്നു സിക്സും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. പന്തിന്റെയും കെ.എൽ.രാഹുലിന്റെയും സെഞ്ചുറി മികവിലാണ് ഓവൽ ടെസ്റ്റ് പരാജയപ്പെട്ടെങ്കിലും ഇന്ത്യ നാണക്കേടിൽനിന്നും തലയൂരിയത്.

കന്നിസെഞ്ചുറിക്കൊപ്പം മറ്റൊരു ചരിത്ര നേട്ടവും പന്ത് സ്വന്തം പേരിൽ കുറിച്ചു. ഇംഗ്ലണ്ട് മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് പന്ത് നേടിയത്. മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിക്ക് പോലും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ധോണി ഇംഗ്ലണ്ടിൽ നേടിയ ഉയർന്ന റൺസ് 92 ആണ്.

സിക്സ് ഉയർത്തി കന്നി സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും പന്ത് സ്വന്തമാക്കി. കപിൽദേവ്, ഹർഭജൻ സിങ്, ഇർപാൻ പഠാൻ എന്നിവരാണ് പന്തിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ. ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഇതോടെ പന്തിന്റെ കൈപ്പിടിയിലായി.

ഇന്ത്യ ജയിച്ച ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ ദിനേശ് കാർത്തിക്കിന് പകരക്കാരനായാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. ആദ്യ ഇന്നിങ്സിൽ 24 റൺസെടുത്ത പന്ത് രണ്ടാം ഇന്നിങ്സിൽ ഒരു റൺസെടുത്ത് പുറത്തായി. നാലാം ടെസ്റ്റിലും പന്തിനെ ഉൾപ്പെടുത്തിയെങ്കിലും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെ പന്തിനെ ടീമിൽനിന്നും മാറ്റി പകരം ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. എന്നാൽ അഞ്ചാം ടെസ്റ്റിൽ വിമർശകർക്ക് സെഞ്ചുറിയിലൂടെയാണ് പന്ത് മറുപടി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook