ന്യൂഡൽഹി: ചാരത്തിൽ നിന്നുളള ഉയിർപ്പ്, അതായിരുന്നു ഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനം ഇന്ന് കണ്ടത്. അത്ര കൃത്യമായി പന്തെറിഞ്ഞ സൺറൈസേഴ്‌സ് ഹൈദരാബാദ് തുടക്കത്തിൽ തന്നെ ഡൽഹി ഡയർഡെവിൾസിന്റെ ഓപ്പണർമാരെ മടക്കി.

ഓപ്പണർമാരിൽ ഒതുങ്ങിയില്ല ഹൈദരാബാദ് താരങ്ങളുടെ മികവ്. നിലയുറപ്പിക്കാൻ ശ്രമിച്ച ശ്രേയസ് അയ്യർ റണ്ണൗട്ടായപ്പോൾ ടി20യിലെ മറ്റൊരു ബോളിങ് പ്രകടനത്തിനാണ് ഡൽഹി കാത്തിരിക്കുന്നതെന്ന് തോന്നി.

എന്നാൽ ഒരറ്റത്ത് ഹർഷൽ പട്ടേലിനെ നിർത്തി ഋഷഭ് പന്ത് സ്കോറിംഗിന്റെ ആക്‌സിലറേറ്ററിൽ മുറുക്കിച്ചവിട്ടിയതോടെ ഹൈദരാബാദ് ബോളർമാർ കാഴ്ചക്കാരായി. 9 ഓവറിൽ മൂന്നിന് 48 എന്ന നിലയിലായിരുന്ന ഡൽഹി പിന്നീട് വെടിക്കെട്ട് തീർത്തു.

വെറും 63 പന്ത് നേരിട്ട ഋഷഭ് പന്ത് നേടിയത് 15 ഫോറും ഏഴ് സിക്സുമടക്കം 128 റൺസ്. അവസാന ഓവറിൽ അഞ്ച് പന്തിൽ നിന്ന് 26 റണ്ണടിച്ചു താരം. എന്നാൽ ആ പ്രകടനത്തിൽ ഏറ്റവും തിളങ്ങി നിന്നത് താരം സ്വന്തമായി കണ്ടെത്തിയ ഷോട്ടാണ്.

ലെഫ്റ്റ് ഹാന്റ് ബാറ്റ്സ്‌മാനായ ഋഷഭ് ഭുവിയുടെ പേസ് ബോളിനെ സ്ലിപ്പിന് മുകളിലൂടെ കോരിയെറിയുന്നത് കണ്ട് സ്‌തബ്‌ധരായി പോയി കാണികൾ. ഓരോ പേരും ചോദിച്ചു, ഇതേത് ഷോട്ട് എന്ന്.

എന്തെങ്കിലും വിശദീകരണം പറയാനുണ്ടോ ഈ ഷോട്ടിനെ കുറിച്ചെന്ന തലക്കെട്ടോടെ ഐപിഎൽ വെബ്‌സൈറ്റിൽ പങ്കുവച്ചിരിക്കുകയാണ് ഈ വീഡിയോ. മത്സരത്തിൽ പേസ് ബോളർമാർക്കെതിരെ പലതവണ താരം ഈ ഷോട്ട് പരീക്ഷിച്ച് വിജയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook