നായകന്‍ വിരാട് കോഹ്‌ലിയുടേയും ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്‌സിന്റേയും ബാറ്റിങ് മികവില്‍ തങ്ങളുടെ പ്ലേ ഓഫ് മോഹങ്ങള്‍ നിലനിര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ശ്രേയസ് അയ്യരുടെ ഡല്‍ഹിക്കെതിരെ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 118 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ്.

മൽസരത്തിനിടെ രസകരമായൊരു നിമിഷത്തിനും ഡല്‍ഹി സാക്ഷ്യം വഹിച്ചു. ബാറ്റ് ചെയ്യുകയായിരുന്ന വിരാടും കീപ്പിങ് ചെയ്യുകയായിരുന്ന റിഷഭ് പന്തും തമ്മിലുള്ള സംസാരമാണ് രസകരമായി മാറിയത്. വിരാട് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം.

വിക്കറ്റിന് പിന്നില്‍ നിന്നുകൊണ്ട് ബോളര്‍മാരെ പ്രചോദിപ്പിക്കുകയും നിർദേശം നല്‍കുകയുമായിരുന്നു പന്ത്. ബാറ്റ് ചെയ്യാനായി തയ്യാറെടുക്കുകയായിരുന്ന വിരാടിന് തൊട്ടടുത്ത് നിന്ന് പന്ത് സംസാരിക്കുന്നതിനാല്‍ ശ്രദ്ധ നഷ്ടപ്പെട്ടു. ഇതോടെ തിരിഞ്ഞ് പന്തിനോട് വിരാട് സംസാരിക്കുകയായിരുന്നു. ഇരുവരും ചിരിച്ചു കൊണ്ടായിരുന്നു സംസാരിച്ചത്.

സംഭവത്തിന്റെ വീഡിയോ ഐപിഎല്ലിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കളിക്കിടയിലെ സംസാരത്തോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ഭാവനയില്‍ എന്താണ് വിരാടും പന്തും സംസാരിച്ചതെന്ന് കാണുന്നവരുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ