കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം റിനോ ആന്റോ ക്ലബ് വിട്ടു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ക്ലബ്ബുമായി വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. 2016 മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ടയില്‍ ജിങ്കനൊപ്പം നിലയുറപ്പിച്ച് കളിച്ചിരുന്ന താരമാണ് ഇതോടെ ടീം വിടുന്നത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്നും രണ്ട് വര്‍ഷങ്ങളും വളരെ മനോഹരമായിരുന്നുവെന്നും റിനോ പറയുന്നു. മികച്ച കുറേ താരങ്ങളെ പരിചയപ്പെടാന്‍ സാധിച്ചെന്നും എല്ലാവരില്‍ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും താരം പോസ്റ്റില്‍ കുറിക്കുന്നു.

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനും റിനോ മറന്നില്ല. ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ കഴിഞ്ഞത് എന്നും നല്ല ഓര്‍മ്മയായിരിക്കുമെന്നും മോശം ഘട്ടത്തില്‍ ഒപ്പം നിന്ന ആരാധകരെ മറക്കില്ലെന്നും താരം പറയുന്നു.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് വിട്ട റിനോ ഇനി ഏത് ടീമിലേക്കായിരിക്കും കളിക്കുക എന്നത് വ്യക്തമായിട്ടില്ല. തന്റെ മുന്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയിലേക്ക് മടങ്ങി പോകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ