കൊച്ചി: പ്രതിരോധ താരം റിനോ ആന്റോ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. മുന്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയിലേക്കാണ് താരം മടങ്ങിപ്പോകുന്നത്. തൃശൂര്‍ക്കാരനായ പുള്‍ബാക്കും ബെംഗളൂരു എഫ്‌സിയും ഇതിനോടകം തന്നെ ധാരണയിലെത്തിയെന്നാണ് വിവരങ്ങള്‍.

ഈ സീസണില്‍ ഡ്രാഫ്റ്റ്‌ വഴി കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു റിനോ. എന്നാല്‍ പരുക്ക് കാരണം താരത്തിന് മൽസരങ്ങള്‍ നഷ്ടമായിരുന്നു. പരുക്ക് പറ്റാന്‍ സാധ്യതയുള്ള താരവുമായി കരാര്‍ തുടരേണ്ടതില്ല എന്നതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നിലപാട്. അതേസമയം ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകളിലൊരാളായ റിനോയെ മടക്കിയെത്തിക്കാന്‍ മുന്‍ ക്ലബ് താത്പര്യപ്പെടുകയായിരുന്നു. ബെംഗളൂരുവുമായി താരം കരാറില്‍ എത്തിക്കഴിഞ്ഞു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് ലഭിക്കുന്ന സൂചനകള്‍.

ഐഎസ്എല്ലിന് വേണ്ടി താരങ്ങളെ വിട്ടുകൊടുക്കേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ ബെംഗളൂരു റിനോയുമായി കരാര്‍ അവസാനിപ്പിക്കുന്നത്. ഒരു ടീമിന് രണ്ട് മുതിര്‍ന്ന താരങ്ങളെ നിലനിര്‍ത്താം എന്ന ധാരണപ്രകാരം സുനില്‍ ഛേത്രി, ഉദാന്താ സിങ് എന്നീ മുന്നേറ്റനിര താരങ്ങളെ ബെംഗളൂരു എഫ്‌സി നിലനിര്‍ത്തുകയായിരുന്നു. 2013 മുതല്‍ 2017 വരെ ബെംഗളൂരുവില്‍ ചെലവിട്ട റിനോ ടീമിന്റെ നായകസ്ഥാനംവരെ അലങ്കരിച്ചിട്ടുണ്ട്. സൂപ്പര്‍ കപ്പ്‌ മൽസരങ്ങള്‍ കഴിയുന്നതോടെ റിനോയും ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിക്കും.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശപ്പെട്ട പ്രകടനം സൂപ്പര്‍ കപ്പിലൂടെ മറികടക്കാം എന്ന പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ്. മുന്നേറ്റതാരങ്ങളായ ലെന്‍ ഡൗങ്കല്‍, ഹാളിചരണ്‍ നസാരി, മധ്യനിര താരം സേത്യസെന്‍ സിങ്, സകീര്‍ മുണ്ടംപാറ എന്നിവരുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരുന്നത്. അടുത്ത സീസണുവേണ്ടിയാണ് ഈ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് എത്തിക്കുന്നത്. എന്നാല്‍ എടുത്ത് പറയത്തക്ക റെക്കോർഡ്‌ ഒന്നുമില്ലാത്ത താരങ്ങളുമായാണ് ടീം പുതുതായി കരാറില്‍ എത്തിയിരിക്കുന്നത് എന്നുള്ള വിമര്‍ശനം ടീമിനകത്ത്‌ നിന്ന് തന്നെ ഉയരുന്നുണ്ട്. റിനോ ആന്റോയെ നിലനിര്‍ത്താത്തതും സി.കെ.വിനീതിനോടുള്ള താത്പര്യക്കുറവും ടീമില്‍ വിമര്‍ശനമാകുന്നുണ്ട്.

ബെംഗളൂരുവിലേക്കുള്ള മടങ്ങിപ്പോക്ക് മുപ്പതുകാരനായ റിനോയ്ക്ക് ഗുണം ചെയ്യും. മുന്‍ ക്ലബ്ബിലേക്കുള്ള മടങ്ങിപോക്ക് എന്നതിനോടൊപ്പം എഎഫ്‌സി കപ്പ്‌ കൂടി കളിക്കാനുള്ള വഴി ഒരുങ്ങുന്നതാകും ഈ ക്ലബ് മാറ്റം. ബെംഗളൂരുവിന് വേണ്ടി അറുപതോളം കളികളില്‍ റിനോ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ