മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല. താരം നാട്ടിലേക്ക് മടങ്ങി. വാരിയെല്ലിന് പരുക്കേറ്റ ജഡേജയെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയത് “വൈദ്യോപദേശത്തിന്റെ” അടിസ്ഥാനത്തിലാണെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സീസണിൽ നാല് ജയം മാത്രമായി പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരായി തുടരുന്ന ചെന്നൈയ്ക്ക് മൂന്ന് മത്സരങ്ങൾ കൂടി ഇനി ബാക്കിയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ജഡേജയുടെ പരുക്കും നാട്ടിലേക്ക് മടങ്ങുന്നതും സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. എന്നാൽ അതിനു പിന്നാലെ സിഎസ്‌കെയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ജഡേജയെ അൺഫോളോ ചെയ്തതായുള്ള റിപ്പോർട്ടുകളും വന്നു. ഇത് ജഡേജയും ഫ്രാഞ്ചൈസിയും തമ്മിൽ പോരിലാണെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി.
ഈ സീസണിന്റെ ആദ്യം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ജഡേജയ്ക്ക് ടീമിന്റെ മോശം പ്രകടനം കാരണം പകുതിയ്ക്ക് വച്ച് ക്യാപ്റ്റൻ സ്ഥാനം മുൻക്യാപ്റ്റൻ ധോണിക്ക് കൈമാറേണ്ടി വന്നിരുന്നു. ഈ ക്യാപ്റ്റൻസി മാറ്റത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വിശ്വനാഥൻ പറഞ്ഞെങ്കിലും, ഇതിൽ ജഡേജയും ഫ്രാഞ്ചൈസിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ടീമംഗങ്ങളിൽ ചിലർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ക്യാപ്റ്റൻസി മാറ്റം നടത്തിയ രീതിയിൽ ജഡേജ അത്ര തൃപ്തനായിരുന്നില്ല. ഇതിൽ സുതാര്യതയില്ലെന്ന് ജഡേജയ്ക്ക് തോന്നിയതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേസമയം. ജഡേജ ഇപ്പോഴും ചെന്നൈ സൂപ്പർ കിങ്സിന്റെ എല്ലാ കാര്യങ്ങളിലും ഭഗവാക്കാണെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച സിഇഒ പറഞ്ഞു.
“സോഷ്യൽ മീഡിയ ഞാൻ നോക്കാറില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. സോഷ്യൽ മീഡിയയിൽ എന്തുണ്ടായെന്ന് എനിക്കറിയില്ല. സിഎസ്‌കെയുടെ ഭാവി പദ്ധതിയിലെല്ലാം ജഡേജയുണ്ട്,” അദ്ദേഹം പറഞ്ഞു.
റോയൽ ചലഞ്ചേഴ്‌സിന് എതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരുക്കേറ്റതെന്നും ഇതേ തുടർന്നാണ് ഡൽഹിക്ക് എതിരെ കളിക്കാതിരുന്നതെന്നും വിദഗ്‌ധ ഉപദേശം ലഭിച്ചതിനാൽ അദ്ദേഹത്തെ നാട്ടിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
സീസണിന് മുന്നോടിയായി, ചെന്നൈ ജഡേജയെ എംഎസ് ധോണിയുടെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു, 16 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ ജഡേജയെ ടൂർണമെന്റ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ക്യാപ്റ്റന്ക്കയും ചെയ്തു. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ ജഡേജയ്ക്ക് തിളങ്ങാൻ ആയില്ല. ടീമിന്റെ തോൽവികളും ധോണിയെ കൂടുതൽ ആശ്രയിക്കുന്നതും വിമർശനങ്ങൾക്ക് ഇടവെച്ചു. തുടർന്നാണ് ജഡേജ നായകസ്ഥാനം വീണ്ടും ധോണിക്ക് കൈമാറിയത്. കളിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ജഡേജ ധോണിയോട് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചെന്നും ധോണി അത് സമ്മതിച്ചെന്നുമാണ് സിഎസ്കെ പത്രക്കുറിപ്പിൽ അന്ന് പറഞ്ഞത്.
ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയുടെ കളിയെ ബാധിക്കുന്നതായി ധോണി പരസ്യമായി പറഞ്ഞിരുന്നു. ബെൻ സ്റ്റോക്‌സിനൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായാണ് ജഡേജ ഈ ഐപിഎല്ലിലെത്തിയത്. എന്നാൽ 10 മത്സരങ്ങളിൽ നിന്ന് ആകെ 116 റൺസും അഞ്ച് വിക്കറ്റും മാത്രമാണ് താരത്തിന് നേടാനായത്.
Also Read: അതിനെകുറിച്ച് ചിന്തിക്കരുതെന്ന് രോഹിതും കോഹ്‌ലിയും പറഞ്ഞു: ഇഷാൻ കിഷൻ