scorecardresearch
Latest News

1964ൽ ടോക്കിയോയിൽ; ഒളിംപിക്സ് ഓർമകൾ പങ്കുവച്ച് പ്രകാശ് കാരാട്ട്

എട്ട് കൗമാരക്കാരുടെ ഒരു സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു അന്ന് ടോക്യോയിലെത്തിയത്. എട്ടു പേരും എട്ട് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ.

1964ൽ ടോക്കിയോയിൽ; ഒളിംപിക്സ് ഓർമകൾ പങ്കുവച്ച് പ്രകാശ് കാരാട്ട്

ജപ്പാനിലെ ടോക്യോ നഗരത്തിൽ വീണ്ടും ഒരു ഒളിംപിക്സ് ആരംഭിക്കുമ്പോൾ 1964ൽ നടന്ന മറ്റൊരു ടോക്യോ ഒളിംപിക്സിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. അന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹോക്കി ഫൈനൽ വീക്ഷിച്ച ഒരു പതിനാറുകാരന്റെ കാഴ്ചകളെ ഓർത്തെടുക്കുകയാണ് സിപിഎം മുൻ ജനറൽ സെക്രട്ടറി.

പെനാൽറ്റിയിൽ നിന്നായിരുന്നു ആ ഹോക്കി ഫൈനിൽ ഇന്ത്യ വിജയഗോൾ നേടിയത്. ശക്തമായ മത്സരമായിരുന്നു അന്ന് നടന്നതെന്നും തനിക്കൊപ്പം അന്ന് ഇരുന്നത് പാകിസ്താനിൽ നിന്നുള്ള മറ്റൊരു കൗമാരക്കാരനായിരുന്നെന്നും രണ്ടു പേരും രണ്ട് ടീമുകളെ പ്രോത്സാഹിപ്പിച്ചിരുന്നത് രസകരമായ അനുഭവമായിരുന്നെന്നും കാരാട്ട് ഓർത്തെടുത്തു.

എട്ട് കൗമാരക്കാരുടെ ഒരു സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രകാശ് കാരാട്ട് അന്ന് ടോക്യോയിലെത്തിയത്. എട്ടു പേരും എട്ട് വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ. ഒരു ഉപന്യാസ മത്സരത്തിൽ അതത് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള സമ്മാനമായിരുന്നു 10 ദിവസം നീണ്ട ജപ്പാൻ യാത്ര.

രണ്ടാം ലോക മഹായുദ്ധത്തിലെ നാശനഷ്ടങ്ങൾക്ക് ശേഷം സ്വയം പുനർനിർമിച്ച ജപ്പാനിലെ സാങ്കേതിക വൈദഗ്ദ്ധ്യം തന്നെ അമ്പരപ്പിച്ചുവെന്നും ഒരു ഏഷ്യൻ രാജ്യത്തിന്റെ ഉയർച്ചയിൽ അന്ന് അഭിമാനബോധം തോന്നിയെന്നും കാരാട്ട് പറഞ്ഞു.

Read More: Tokyo Olympics 2020: ഒളിംപിക്സിലെ മലയാളി തിളക്കം

“ഒരു ജാപ്പനീസ് കമ്പനിയും ദി ഹിന്ദു പത്രവും സംയുക്തമായ.ി സംഘടിപ്പിച്ച അഖിലേന്ത്യാ ഉപന്യാസ മത്സരമാണ് ജപ്പാനിലേക്കുള്ള ആ അവിസ്മരണീയ യാത്രയിൽ എന്നെ എത്തിച്ചത്. എനിക്ക് അന്ന് 16 വയസ്സായിരുന്നു, ഹൈസ്കൂളിൽ. ചെന്നൈയിലായിരുന്നു താമസം. ഏഷ്യയിൽ ഒളിമ്പിക്സ് നടത്തേണ്ടതിന്റെ പ്രാധാന്യമായിരുന്നു വിഷയം. ഇത് 57 വർഷം മുമ്പാണ്, ഓർമ അത്ര കൃത്യമല്ല. ടോക്കിയോ, ഏഷ്യയുടെ ഉയർച്ചയെ പ്രതീകപ്പെടുത്തിയതെങ്ങനെയെന്ന് ഞാൻ എഴുതി,” കാരാട്ട് പറഞ്ഞു.

“ഞാൻ ഉപന്യാസം എഴുതി അയച്ചുകൊടുത്തു. കുറച്ച് ദിവസത്തിന് ശേഷം ഞാൻ വിജയിച്ചതായി അറിയിച്ച് പത്രത്തിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങി എട്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എട്ട് കൗമാരക്കാരെ ഇതുപോലെ തിരഞ്ഞെടുത്തിരുന്നു. ഞങ്ങൾ എല്ലാം‌ പ്രായപൂർത്തിയാകാത്തവരായിരുന്നതിനാൽ ഞങ്ങൾക്കൊപ്പം മുതിർന്ന ഒരാളുണ്ടായിരുന്നു. യാത്രയ്ക്ക് മുൻപ് ഹിന്ദു പത്രത്തിൽ നിന്ന് 1000 രൂപയും ലഭിച്ചിരുന്നു. അതുകൊണ്ട് എനിക്ക് പ്രത്യേകം വസ്ത്രങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു,” കാരാട്ട് പറഞ്ഞു.

ഇന്ത്യക്ക് പുറത്തുള്ള അന്നത്ത അത്ലറ്റുകളിൽ ഓർമയുള്ളത് ജപ്പാനിൽ തന്റെ മൂന്നാമത്തെ സ്വർണ്ണ മെഡൽ നേടിയ മികച്ച ഓസ്‌ട്രേലിയൻ നീന്തൽ താരമായ ഡോൺ ഫ്രേസറിനെയാണ്. പകർച്ചവ്യാധി സമയത്ത് ജപ്പാനിൽ എങ്ങനെയാണെന്ന് എനിക്കറിയില്ല, പക്ഷേ അന്ന് രാജ്യത്തെ അന്തരീക്ഷം ഊഷ്മളവും സൗഹാർദവുമായിരുന്നു. എല്ലായിടത്തും അഭിമാനബോധവും സൗഹാർദപരമായ സമീപനവും ഉണ്ടായിരുന്നു. യുദ്ധത്തിന്റെ ചാരത്തിൽ നിന്ന് ഉയർന്നുവന്ന വളർച്ചയിൽ അവർ അഭിമാനം പ്രകടിപ്പിച്ചിരുന്നതായി മനസ്സിലാകും. അഭിമാനിക്കാനാവുന്നതിലും അധികം അവിടെ ഉണ്ടായിരുന്നു.

Read More: Tokyo Olympics 2020: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരാണ്; നാല് സ്വര്‍ണം വരെ നേടുമെന്ന് പ്രവചനം

“അവരുടെ സാങ്കേതിക പുരോഗതിയിൽ ഞാൻ അമ്പരന്നു. അവർക്ക് മികച്ച ക്യാമറകളുണ്ടായിരുന്നു. കൂടാതെ, ഇലക്ട്രോണിക് സ്കോർകാർഡുകളും. ടെലിവിഷനിലേക്ക് വേണ്ട ക്കണക്കുകൾ റെക്കോർഡുചെയ്യാൻ കമ്പ്യൂട്ടറുകൾ ആദ്യമായി ഉപയോഗിച്ചത് അവിടെയാണ്. ഉപഗ്രഹ സംപ്രക്ഷേപണം ചെയ്ത ആദ്യത്തെ ഒളിമ്പിക്സ് കൂടിയാണത്. ഒളിമ്പിക്സിൽ മുമ്പ് കാണാത്ത തരത്തിലുള്ള കൃത്യതയും അന്നാദ്യമായിരുന്നു. ഒരു സെക്കൻഡിന്റെ നൂറിൽ ഒരംശം വരെ കൃത്യതയോടെ മത്സരങ്ങളെ അന്ന് നിരീക്ഷിച്ചിരുന്നു,” കാരാട്ട് പറഞ്ഞു.

“ഉദ്ഘാടന ചടങ്ങിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ടോക്കിയോയിൽ നിന്ന് ഒസാക്കയിലേക്കുള്ള ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ യാത്രകളിലൊന്നിൽ ഭാഗമാവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അത് വെറും നാല് മണിക്കൂർ കൊണ്ടായിരുന്നു ആ ദൂരം ഓടിയെത്തിയത്.”

“ഉദ്ഘാടന ചടങ്ങ് വിശാലവും അതിശയകരവുമായിരുന്നു. ജപ്പാൻ സമാധാന പക്ഷത്തായിരുന്നു, അവർ അവരുടെ ആ ഉദ്ദേശ്യം പ്രകടമാക്കാൻ ഒളിമ്പിക്സിനെ ഉപയോഗിച്ചു. ജപ്പാനിലെ വിദേശകാര്യമന്ത്രി തന്നെ ഒരു ഒസാക്കയിലെ ഹോട്ടലിൽ ഞങ്ങളെ സ്വീകരിച്ചിരുന്നു,” കാരാട്ട് ഓർത്തെടുത്തു.

ജപ്പാൻ യാത്ര തന്റെ തുടർന്നുള്ള ജീവിതത്തിലും സ്വാധീനിച്ചതായി കാരാട്ട് പറയുന്നു.

Read More: Tokyo Olympics 2020: കൂലിപ്പണിക്കാരനിൽനിന്ന് ഒളിംപിക്സിലേക്ക്; ഇന്ത്യയ്ക്ക് പ്രതീക്ഷയായി പ്രവീൺ ജാദവ്

വ്യക്തിപരമായി, ആ ഉപന്യാസവും അതിന്റെ ഫലമായുണ്ടായ ജപ്പാൻ യാത്രയും എന്റെ പ്രവർത്തന മേഖല എന്താവണമെന്നതിൽ തീരുമാനമുണ്ടാക്കിത്തന്നു. ഒരുപക്ഷേ, ഞാൻ അന്ന് അവിടെ പോയില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു എഞ്ചിനീയറാകുമായിരുന്നു. കുറച്ച് ജാപ്പനീസ് വിദ്യാർത്ഥികളെ കണ്ടുമുട്ടിയതും അവരുടെ അക്കാദമിക് തലത്തിൽ മതിപ്പ് തോന്നിയതും ഞാൻ ഓർക്കുന്നു. ഉന്നത പഠനം നടത്താൻ ഞാനും തീരുമാനിച്ചു. ആ യാത്രയിൽ നിന്നുള്ള ഔദ്യോഗിക ബാഗും ബാഡ്ജുകളും കുറച്ച് ഫോട്ടോകളും മറ്റും കുറച്ചുകാലം സൂക്ഷിക്കുകയും ചെയ്തിരുന്നു.

“ജപ്പാൻ ഒരു വലിയ അനുഭവമായിരുന്നു, ഞാൻ തിരിച്ചെത്തി കുറേ ദിവസം ജപ്പാനെക്കുറിച്ച് സംസാരിച്ചത് ഞാൻ ഓർക്കുന്നു. അതിനുമുമ്പ് ഞാൻ ഒരു പാശ്ചാത്യ രാജ്യത്തും പോയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ജപ്പാൻ ഒരു വികസിത സമൂഹമായിരുന്നു. പ്രധാനമായും, ഒരു പ്രചോദനത്തിനായും ഞാൻ പടിഞ്ഞാറിനെ നിരീക്ഷിച്ചിട്ടില്ല, ഒപ്പം ഒരു ഏഷ്യൻ രാജ്യമെന്ന നിലയിൽ ജപ്പാന്റെ ഉയർച്ചയിൽ അഭിമാനബോധം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇന്ത്യക്കാരനും ഏഷ്യക്കാരനുമായതിൽ അഭിമാനബോധമുള്ള ഒരു വ്യക്തിയായിരുന്നു ഞാൻ. ജപ്പാന് കഴിയുമെങ്കിൽ, നമുക്ക് അത് ചെയ്യാൻ കഴിയും, എന്ന് ഞാൻ ചിന്തിച്ചത് ഓർക്കുന്നു,” കാരാട്ട് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Riding the bullet train watching india pak hockey game prakash karat recalls the 1964 tokyo games olympics