മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ജൂൺ 7 മുതൽ ഓവലിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിലേക്കാണ് അജിങ്ക്യ രഹാനെ തിരിച്ചെത്തി. ആർ. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിങ്ങനെ മൂന്നു സ്പിന്നര്‍മാരാണ് 15 അംഗ ടീമിൽ ഉള്ളത്. ജൂൺ 11 വരെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടം നടക്കുന്നത്.
ബിസിസിഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി തിങ്കളാഴ്ച വൈകുന്നേരം ഒരു യോഗം ചേർന്നിരുന്നു. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രജത് പതിദാർ എന്നിവർ പരുക്കുകളോടെ പുറത്തായതിനാൽ രഹാനെയെ തിരിച്ചുവിളിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഓസ്ട്രേലിയക്കെതിരായ 2020-ലെ ബോക്സിങ് ഡെ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിന് ശേഷം മോശം ഫോമില്‍ തുടര്‍ന്ന രഹാനെ ടീമില്‍ നിന്ന് പുറത്താകുന്നത് 2021-22 സീസണിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രഹാനെ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും പരമ്പര നഷ്ടമായതോടെയാണ് (1-0) ടീമില്‍ നിന്ന് ഒഴിവാക്കിയത്.
ആഭ്യന്തര സീസണിൽ, രഞ്ജി ട്രോഫിയിൽനിന്നു ഉൾപ്പെടെ ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ച്വറികളും രഹാനെ നേടിയിരുന്നു. സീസണില്‍ മുംബൈയെ നയിച്ച അദ്ദേഹം 634 റൺസ് നേടിയിരുന്നു. ഇപ്പോൾ നടക്കുന്ന ഐപിഎല്ലിൽ, മികച്ച പ്രകടനമാണ് രഹാനെ പുറത്തെടുത്തത്. ശ്രേയസും പന്തും ഇല്ലാത്ത ടീമിൽ രഹാനെയുടെ സാന്നിധ്യം ആവശ്യമാണെന്ന് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു. കെ എസ് ഭരത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും വിക്കറ്റ് കീപ്പറാകും.
ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ, കെ എൽ രാഹുൽ, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്.