ലോകകപ്പ് പര്യടനത്തിൽ എം.എസ്.ധോണിക്ക് പകരക്കാരനെ തേടേണ്ടി വന്നാൽ റിഷഭ് പന്തിനാണോ അതോ ദിനേശ് കാർത്തിക്കിനാണോ അവസരം ലഭിക്കുകയെന്നതിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു. ക്രിക്കറ്റ് ലോകത്തെ ചിലർ ദിനേശ് കാർത്തിക്കിന് പിന്തുണ നൽകുമ്പോൾ മറ്റു ചിലർ യുവ കളിക്കാരൻ റിഷഭ് പന്തിനാണ് മുൻ തൂക്കം നൽകുന്നത്. മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങും റിഷഭ് പന്തിനെയാണ് പിന്തുണയ്ക്കുന്നത്.

വരുന്ന ലോകകപ്പിൽ എം.എസ്.ധോണിക്ക് പകരക്കാരനാകാൻ റിഷഭ് പന്തിനെക്കാൾ മറ്റൊരു കളിക്കാരൻ ഇല്ലെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. ”റിഷഭ് പന്ത് ടീമിലെത്തിയാൽ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ സംഭവിച്ചതൊക്കെ മറക്കാൻ പന്തിനെ സഹായിക്കേണ്ട വലിയ ചുമതല കോച്ചുമാർക്കാണ്. എല്ലാ മത്സരങ്ങളും സമ്മർദത്തോടെ കളിക്കാനാവില്ല. അടുത്തടുത്ത മത്സരങ്ങളിൽ അവൻ മികച്ച പ്രകടനം നടത്തിയാൽ അതിനു മുൻപു നടന്നതൊക്കെ നമ്മൾ മറക്കും. ഇന്ത്യൻ ലോകകപ്പ് ടീമിൽ സെക്കൻഡ് വിക്കറ്റ് കീപ്പറായി പന്തിനു പകരം മറ്റൊരാളെ എനിക്ക് കാണാനാകില്ല,” പോണ്ടിങ് പറഞ്ഞതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

Read: ‘അവനെ വിളി’; പന്ത് പിഴവ് ആവർത്തിച്ചപ്പോൾ ധോണിയെ വിളിയ്ക്കാൻ കോഹ്‌ലിയോട് ആരാധകർ, വീഡിയോ

ഓസ്ട്രേലിയയ്ക്കെതിരായ 5 ഏകദിനങ്ങളിലെ അവസാന രണ്ടു മത്സരങ്ങളിൽ എം.എസ്.ധോണിക്ക് ടീം വിശ്രമം അനുവദിച്ചിരുന്നു. ധോണിക്ക് പകരക്കാരനായി റിഷഭ് പന്താണ് ടീമിലെത്തിയത്. എന്നാൽ മത്സരത്തിൽ വിക്കറ്റ് നേടാനുളള പല അവസരങ്ങളും പന്ത് പാഴാക്കി. ഇതോടെ കാണികൾക്കിടയിൽ നിന്നും ധോണിയെ തിരികെ കൊണ്ടു വരൂവെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു.

Read: സ്റ്റംപിങ്ങിൽ ധോണി സ്റ്റൈൽ പുറത്തെടുത്ത റിഷഭ് പന്തിന് പാളി, അമർഷത്താൽ കോഹ്‌ലി

അതേസമയം, മേയ് 30 ന് ഇംഗ്ലണ്ടിലെ വെയിൽസിൽ തുടങ്ങുന്ന ലോകകപ്പിനുശേഷം എം.എസ്.ധോണി വിരമിക്കുകയാണെങ്കിൽ ഡൽഹി സ്വദേശിയായ റിഷഭ് പന്തിന് ടീമിൽ കൂടുതൽ അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറായി പന്തിന് വളരാൻ ഈ അവസരം പ്രയോജനപ്പെടുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook