ഫൈനലിന് മുന്നോടിയായി മറ്റൊരു ഫൈനല്‍. അതായിരുന്നു 2011 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സെമി. കളിയുടെ അതിര്‍വരമ്പുകള്‍ താണ്ടിയുള്ള പോരാട്ടം. 28,000 കാണികള്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു . മൊഹാലിയിലെ മൈതാനത്ത് ടോസ് നേടിയ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ബാറ്റിങ് തിരഞ്ഞെടുക്കുന്നതില്‍ സംശയം ഉണ്ടായിരുന്നില്ല.
ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യക്ക് കരുത്തു പകര്‍ന്നത് സച്ചിന്‍ തെൻഡുല്‍ക്കര്‍-വിരേന്ദര്‍ സെവാഗ് ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. ഒരു മികച്ച തുടക്കം വലിയ സ്കോറിലേക്ക് നയിക്കുമെന്നതിലാര്‍ക്കും അന്ന് സംശയമില്ലായിരുന്നു. മിന്നല്‍ പോലെയായിരുന്നു സെവാഗ് തുടങ്ങിയത്. ഒമ്പത് ബൗണ്ടറികളടക്കം 38 റണ്‍സുമായി മടങ്ങുകയും ചെയ്തു.
ഏക്കാലത്തെയും പോലെ ഉത്തരവാദിത്വം സച്ചിന്‍ എന്ന മൂന്നക്ഷരത്തിലേക്ക് ചുരുങ്ങി. ലോകകപ്പ് സെമിയുടെ സമ്മർദം മാസ്റ്റര്‍ ബ്ലാസ്റ്ററിനുണ്ടായിരുന്നു. നാല് തവണയാണ് പാക്കിസ്ഥാന് സച്ചിന്‍ അവസരം കൊടുത്തത്. ഒന്ന് പോലും മുതലാക്കാന്‍ അവര്‍ക്കായില്ലെന്ന് മാത്രം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു അവരുടെ പിഴവുകള്‍.
Read More: റൊണാള്‍ഡോയുടെ ഗോള്‍ നിഷേധിച്ച സംഭവം ഒഴിവാക്കാമായിരുന്നു: യുവേഫ
വേഗത്തില്‍ തുടങ്ങിയ ഇന്നിങ്സായിരുന്നെങ്കിലും പിന്നീട് സച്ചിന് അത് നിലനിര്‍ത്താനായില്ല. 115 പന്തുകള്‍ നേരിട്ട സച്ചിന്റെ സമ്പാദ്യം 85 റണ്‍സായിരുന്നു. 15 റണ്‍സകലെ നഷ്ടപ്പെട്ടത് കരിയറിലെ നൂറാം സെഞ്ചുറി. സച്ചിന് പിന്നാലെ എത്തിയവര്‍ക്കാര്‍ക്കും അവസരത്തിനൊത്തുയരാനായില്ല. വിരാട് കോഹ്‌ലി, യുവരാജ് സിങ്, ധോണി എന്നിവരെ മടക്കി വഹാബ് റിയാസ് ഇന്ത്യന്‍ മധ്യനിര തകര്‍ത്തു. അവസാന ഓവറുകളിലെ സുരേഷ് റെയ്നയുടെ ചെറുത്തു നില്‍പ്പ് സ്കോര്‍ 260 ലെത്തിച്ചു.
ഫൈനല്‍ സ്വപ്നം കണ്ടിറങ്ങിയ പാക് ടീം പൊരുതാനുറച്ച് തന്നെയായിരുന്നു. മികച്ച തുടക്കം നല്‍കാന്‍ കമ്രാന്‍ അക്മല്‍ – മുഹമ്മദ് ഹഫീസ് ജോഡിക്കായി. എന്നാല്‍ ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിച്ചു കൊണ്ട് സഹീര്‍ ഖാന്‍ പതിവ് പോലെ ഇന്ത്യക്കായി വാതില്‍ തുറന്നു. പിന്നീട് കൃത്യമായ ഇടവേളകളിലെല്ലാം ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ചത്തി.
43 റണ്‍സെടുത്ത ഹഫീസും 56 റണ്‍സെടുത്ത മിസ്ബ ഉള്‍ ഹഖും മാത്രമാണ് അൽപമെങ്കിലും പൊരുതിയതെന്ന് പറയാം. ഇന്ത്യക്കായി സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, മുനാഫ് പട്ടേല്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. സച്ചിനായിരുന്നു കളിയിലെ താരം. ഇതുവരെ ലോകകപ്പില്‍ ഇന്ത്യക്ക് മുകളില്‍ ജയം കൊയ്യാന്‍ പാക്കിസ്ഥാനായിട്ടില്ല.
Read More: ഒരോവറില്‍ ആറ് സിക്‌സടക്കം 13 പന്തില്‍ 52 റണ്‍സ്; റൊക്കോര്‍ഡിട്ട് തിസാര പെരേര
ഫൈനലില്‍ ശ്രീലങ്കയെ ആണ് ഇന്ത്യ നേരിട്ടത്. മുംബൈയിലെ വാങ്കഡെ മൈതാനത്ത് നായകന്‍ മഹേല ജയവര്‍ധനയുടെ സെഞ്ചുറി മികവില്‍ ശ്രീലങ്ക 275 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. എന്നാല്‍ ഗൗതം ഗംഭീറിന്റേയും ധോണിയുടേയും ഉജ്വല ഇന്നിങ്സ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ന് അന്ത്യം കുറിച്ചത്. പിന്നീട് നടന്ന 2015, 2019 ലോകകപ്പില്‍ സെമിവരെ എത്താനേ ഇന്ത്യക്ക് സാധിച്ചുളളൂ.