ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9 നു ആരംഭിക്കാൻ ഇരിക്കെ മത്സരത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന് ബിസിസിഐ. ഓൺ ഫീൽഡ് അമ്പയർ നൽകുന്ന സോഫ്റ്റ് സിഗ്നൽ ഒഴിവാക്കിയും, മത്സരത്തിലെ ഓരോ ഇന്നിങ്സുകളുടെയും സമയം 90 മിനിറ്റാക്കി കുറച്ചുമാണ് ബിസിസിഐ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ക്രിക്ബസിൽ വന്ന റിപ്പോർട്ട് പ്രകാരം, ബിസിസിഐ സോഫ്റ്റ് സിഗ്നൽ റൂൾ എടുത്ത് കളയുകയും, 20 ഓവർ മത്സരം 90 മിനിറ്റിൽ പൂർത്തിയാക്കണമെന്ന് ടീമുകൾക്ക് നിർദേശം നൽകിയതായും പറയുന്നു. മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങളടങ്ങിയ കത്ത് 8 ടീമുകൾക്കും ബിസിസിഐ നൽകിയതായും റിപ്പോർട്ടിലുണ്ട്.
”മത്സര സമയം നിയന്ത്രിക്കുന്നതിനായി ഓരോ ഇന്നിങ്സിലേയും ഇരുപതാമത്തെ ഓവർ 90 മിനിറ്റിൽ ഉൾപ്പെടുത്തി, നേരത്തെ ഇത് ഇരുപതാമത്തെ ഓവർ 90 മിനിറ്റിനു മുൻപോ ശേഷമോ ആരംഭിക്കണം എന്നായിരുന്നു.” ബിസിസിഐ പറഞ്ഞു. ബാറ്റിങ് ടീം അനാവശ്യമായി മത്സര സമയം പാഴാക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകാനും പുതിയ ഓവർ – റേറ്റ് റൂൾ പ്രകാരം നടപടിയെടുക്കാനും നാലാം അമ്പയർക്ക് അധികാരമുണ്ട്.
ഓൺ ഫീൽഡ് അമ്പയർ നൽകുന്ന സോഫ്റ്റ് സിഗ്നൽ തേർഡ് അമ്പയറുടെ തീരുമാനത്തിന് ഇനി യാതൊരു സാധ്യതയും നൽകില്ലെന്നും ബിസിസിഐ പറഞ്ഞു.
Read Also: സച്ചിന് മുന്നില് നിന്ന് നയിച്ചു, പാക്കിസ്ഥാനെ തറപറ്റിച്ച് ധോണിപ്പട; ഐതിഹാസിക വിജയത്തിന് 10 വയസ്
”ഫീൽഡർ പന്ത് കൈവിട്ടോ, ബാറ്റ്സ്മാൻ പുറത്തായോ, അതോ ബാറ്റ്സ്മാൻ മനഃപൂർവ്വം ഫീൽഡ് തടസപ്പെടുത്തിയോ എന്ന കാര്യങ്ങൾ തേർഡ് അമ്പയർ തന്നെ തീരുമാനിക്കും. പിടിച്ച ഒരു ക്യാച്ച് കൃത്യമാണോ എന്ന് തനിക്ക് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പരിശോധിച്ച ശേഷം അമ്പയർ തന്റെ തീരുമാനം അറിയിക്കും” ബിസിസിഐ കൂട്ടിച്ചേർത്തു.
ഷോർട് റൺ നിയമത്തിലും ബിസിസിഐ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഇനി ഷോർട് റൺ സംബന്ധിച്ച ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനങ്ങൾ തേർഡ് അമ്പയർക്ക് പരിശോധിക്കാനും തെറ്റെങ്കിൽ ഫീൽഡ് അമ്പയറുടെ തീരുമാനം തിരുത്താനും സാധിക്കും.
2019ന് ശേഷം ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ ആണിത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലായിരുന്നു കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടന്നത്. ഇത്തവണ ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈ, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ എന്നീ അഞ്ച് വേദികളിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ടൂർണമെന്റിന്റെ ഫൈനൽ മേയ് 29 ന് അഹമ്മദാബാദിൽ നടക്കും.