ചൊവ്വാഴ്ച സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്ത് തന്റെ പേരിൽ പുതിയ ഒരു റെക്കോർഡ് കൂടി എഴുതി ചേർത്തിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി. ഇന്ത്യക്കായി 200 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ ബോളർ എന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയാണ് ഷമി 200 വിക്കറ്റുകൾ പൂർത്തിയാക്കിയത്.
ജീവിതത്തിലും ക്രിക്കറ്റിലും നിരവധി ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്ന താരമാണ് ഷമി. പരുക്കുകൾ അദ്ദേഹത്തെ വിരമിക്കലിന്റെ വക്കിലെത്തിച്ചിരുന്നു. കഴിഞ്ഞ വർഷം, രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ, “കടുത്ത സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളും” ഉണ്ടായ കാലഘട്ടത്തിൽ മൂന്ന് തവണ ആത്മഹത്യ ചെയ്യാൻ താൻ ആലോചിച്ചിരുന്നതായി ഷമി വെളിപ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം തരണം ചെയ്താണ് തന്റെ 55-ാമത് ടെസ്റ്റ് മത്സരത്തിൽ ഷമി 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടത്.
“ഞാൻ സ്ഥിരതയോടെയാണ് പന്തെറിയുന്നത്,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ആധുനിക ക്രിക്കറ്റിൽ പേസിന് വലിയ പ്രാധാന്യമില്ല. എന്റെ ശ്രദ്ധ എപ്പോഴും ശരിയായ സ്ഥലങ്ങളിൽ എറിയുന്നതിലാണ്. ഇന്നും ഞാൻ ശരിയായ ഏരിയകൾ ലക്ഷ്യംവച്ചാണ് പന്തെറിഞ്ഞത്,” അദ്ദേഹം വ്യക്തമാക്കി.
Also Read: ധോണിയെ പിന്തള്ളി പന്ത്; പുറത്താക്കലില് അതിവേഗ സെഞ്ചുറി
“ടെസ്റ്റ് ക്രിക്കറ്റ് റോക്കറ്റ് സയൻസല്ല. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ സാഹചര്യങ്ങൾ അറിയുകയും അതിനനുസരിച്ച് നിങ്ങളുടെ ലൈനും ലെങ്തു ക്രമീകരിക്കുകയും വേണം. ഇന്നലെ മഴ പെയ്തു. ഇന്ന് അത് വ്യത്യസ്തമായിരുന്നു. പിച്ചിൽ സിപ്പ് ഉണ്ടായിരുന്നു. ശരിയായ സ്ഥലങ്ങളിൽ എറിഞ്ഞ് നിങ്ങളുടെ ലൈനും നീളവും നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഞാൻ ശരിയായ ലെങ്ത്തിലാണ് എറിഞ്ഞത്,” ഷമി പറഞ്ഞു.
ഇന്നലത്തെ മത്സരത്തിൽ കേവലം 62.3 ഓവറിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യൻ ഫാസ്റ്റ് ബോളിങ്ങിന്റെ വളർച്ചയാണ് വിദേശത്ത് ടീമിന്റെ വിജയങ്ങളിൽ ഇപ്പോൾ ഏറ്റവും വലിയ സംഭാവനകൾ നൽകുന്നത്. “കഴിഞ്ഞ ആറ്-ഏഴ് വർഷമായി ഞങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിത്. നല്ല പിന്തുണയുമായി സപ്പോർട്ട് സ്റ്റാഫുമുണ്ട്. ഒരു വ്യക്തിയെ മാത്രമായി പറയുക സാധ്യമല്ല. എന്നാൽ യഥാർത്ഥ ക്രെഡിറ്റ് ടീമിലെ എല്ലാ താരങ്ങൾക്കുമാണ്. ടീമിനായി വിയർപ്പൊഴുക്കിയ, കഠിനാധ്വാനം ചെയ്ത എല്ലാവർക്കുമാണ്,” ഷമി പറഞ്ഞു.