മുംബൈ: ഇന്ത്യന്‍ ടീമിലെ വിവാദങ്ങളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിലപാടിന് പിന്തുണയുമായി സിഒഎ അംഗമായ ഡയാന എഡല്‍ജി. അനില്‍ കുംബ്ലയെ പുരുഷ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ട് കോഹ്‌ലി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് എസ്എംഎസ് അയക്കാമെങ്കില്‍ എന്തുകൊണ്ട് ഹര്‍മന്‍പ്രീതിനും സ്മൃതി മന്ദാനയ്ക്കും ടീമിന് ഉപകരിക്കുമെന്ന് തോന്നുന്ന വിഷയത്തെ കുറിച്ച് ഇ-മെയില്‍ അയക്കാന്‍ പാടില്ലെന്ന് ഡയാന ചോദിച്ചു. പുരുഷ ടീമിന്റെ കോച്ചിനെ പുറത്താക്കുന്നതും നിയമിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ക്യാപ്റ്റനോ താരങ്ങളോ ഇടപെടാറില്ലെന്ന സിഒഎ ചീഫ് വിനോദ് റായിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഡയാന എഡല്‍ജി.

എഡല്‍ജി, റായി, ജനറല്‍ മാനേജര്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് സബ്ബാ കരീം, നിയമോപദേശാവ് ഇന്ദ്രനില്‍ ദേശ്മുഖ് എന്നിവര്‍ തമ്മിലുള്ള ഇ-മെയില്‍ ചാറ്റുകള്‍ പുറത്ത് വന്നതോടെയാണ് സിഒഎ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്തെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമിതിയിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത വലിയ വിവാദത്തിലേക്ക് നീങ്ങുമെന്നാണ് സൂചിപ്പിക്കുന്നത്.

ടീമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റായിക്ക് എങ്ങനെയാണ് വീറ്റോ അധികാരം ലഭിക്കുക എന്നതാണ് എഡല്‍ജിയുടെ പ്രധാന ചോദ്യം. റായിയുടെ സമ്മതം മാത്രം ലഭിച്ചാലെങ്ങനെയാണ് നടപടി സ്വീകരിക്കുകയെന്ന് ജോഹ്രിയോടും കരീമിനോടും ഡയാന ചോദിക്കുന്നു. രണ്ട് അംഗങ്ങളും അംഗീകരിക്കുന്ന തീരുമാനങ്ങള്‍ മാത്രമേ നടപടിയിലേക്ക് എത്താന്‍ പാടുള്ളൂവെന്നും അവര്‍ പറയുന്നു. പുതിയ പരിശീലകനെ നിയമിക്കുന്നതില്‍ തന്റെ വിയോജിപ്പ് എഡല്‍ജി അറിയിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് കപില്‍ ദേവും അന്‍ഷുമന്‍ ഗെയ്ക്ക്വാദും ശാന്ത രംഗസ്വാമിയും ഉള്‍പ്പെടുന്ന സമിതി പരിശീലകനെ തീരുമാനിക്കുമെന്ന റായിയുടെ ഒപ്പോടു കൂടിയ പ്രസ്താവന വരുന്നത്.

തന്റെ പ്രസ്താവനയിലാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നതില്‍ പുരുഷ താരങ്ങള്‍ അഭിപ്രായം പറയാറില്ലെന്നും ഇത് വനിതാ താരങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്നും റായി പറയുന്നത്. ഇതിനെതിരെയാണ് എഡല്‍ജി രംഗത്തെത്തിയത്. കോഹ്‌ലി അടക്കമുള്ള താരങ്ങളുടെ അഭിപ്രായം പരിഗണിച്ച സംഭവങ്ങളാണ് എഡല്‍ജി ചൂണ്ടിക്കാണിച്ചത്.

”കോച്ചിനെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ താരങ്ങള്‍ ഇ-മെയില്‍ അയയ്ക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. തങ്ങളുടെ അഭിപ്രായം അവര്‍ സത്യസന്ധമായി അറിയിക്കുകയാണ് ചെയ്തത്. അല്ലാതെ കോഹ്‌ലിയെ പോലെ കോച്ചിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് സിഇഒയ്ക്ക് നിരന്തരം എസ്എംഎസ് അയയ്ക്കുകയായിരുന്നില്ല. കോഹ്‌ലിയുടെ സന്ദേശം അനുസരിച്ച് നടപടിയെടുക്കുകയും ചെയ്തിരുന്നു. അതുപോലെ ഒരാള്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയയ്ക്കാതെ വന്നതോടെ അയാള്‍ക്ക് വേണ്ടി സമയപരിധി നീട്ടിയതും ഞാനന്ന് എതിര്‍ത്തിരുന്നു. ഇതിഹാസ താരമായ കുംബ്ലെയ്ക്കാണ് നഷ്ടമുണ്ടായത്. അദ്ദേഹത്തെ വില്ലനാക്കി. സ്വയം പിന്മാറിയത് അദ്ദേഹത്തിന്റെ മഹിമ. ഞാനതില്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. വേറേയും നിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ട്” എഡല്‍ജി തന്റെ മെയിലില്‍ പറയുന്നു.

കുംബ്ലെയെ നിലനിര്‍ത്തുന്നതിനെ സംബന്ധിച്ച് സച്ചിനും ഗാംഗുലിയും ലക്ഷ്മണും കോഹ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതും പുറത്താക്കണമെന്ന നിലപാടില്‍ കോഹ്‌ലി ഉറച്ചു നിന്നതും എഡല്‍ജി ചൂണ്ടിക്കാണിച്ചു. രമേശ് പവാറിനെ പരിശീലക സ്ഥാനത്തു നിലനിര്‍ത്തണമെന്നും രണ്ട് മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായത്തേയും മാനിക്കണമെന്ന് പറഞ്ഞ എഡല്‍ജി ഇന്ത്യന്‍ ടീമില്‍ ഭിന്നിപ്പില്ലെന്നും പറഞ്ഞു.

”ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തങ്ങളുടെ അഭിപ്രായവും അപേക്ഷയും മുന്നോട്ട് വച്ചിരിക്കുകയാണ്. അത് ബഹുമാനിച്ച് പര്യടനം കഴിയുന്നത് വരെയെങ്കിലും ഇതേ പരിശീലകനുമായി തുടരണം. അപ്പോഴേക്കും കമ്മിറ്റിയുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. നേരത്തെ കുംബ്ലയെ നിലനിര്‍ത്തണമെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും പറഞ്ഞിട്ട് കോഹ്‌ലി അംഗീകരിച്ചില്ല. പിന്നെ എന്തുകൊണ്ട് ഇവര്‍ രണ്ടു പേരും ടീമിന് നന്നാകുമെന്ന് തോന്നുന്ന അഭിപ്രായം പറയുമ്പോള്‍ അംഗീകരിക്കാനാകുന്നില്ല? ” എഡല്‍ജി ചോദിക്കുന്നു.

അതേസമയം, ഹര്‍മന്‍പ്രീതും മിതാലിയുമായി റായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ എന്തുകൊണ്ട് തന്നെ പങ്കെടുപ്പിച്ചില്ലെന്നും എഡല്‍ജി ചോദിക്കുന്നുണ്ട്. റായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ