പാരിസ്: ഫ്രാൻസ് ഫുട്‌ബോൾ ടീമിൽ നിന്ന് വിരമിച്ചിട്ടില്ലെന്ന് പോൾ പോഗ്‌ബ. താൻ ഫ്രഞ്ച് ടീമിൽ നിന്ന് വിരമിച്ചു എന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് ഫുട്‌ബോൾ താരം പോൾ പോഗ്‌ബ ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് വിരമിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇസ്ലാം മതമാണ് ആഗോള തലത്തിൽ ഭീകരവാദത്തിന്റെ ഉറവിടമെന്ന ഇമ്മാനുവൽ മാക്രോണിന്റെ പരാമർശമാണ് പോൾ പോഗ്‌ബയെ അതൃപ്‌തനാക്കിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഫ്രഞ്ച് ടീമിൽ നിന്ന് പോൾ പോഗ്‌ബ രാജിവയ്‌ക്കാൻ ആലോചിക്കുന്നതായാണ് പ്രമുഖ സ്‌പോർട്‌സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പോഗ്‌ബ രാജിവച്ചതായും ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വാർത്തകളെ താരം പരസ്യമായി നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പ് ഫ്രാൻസ് നേടുമ്പോൾ പോൾ പോഗ്‌ബ ദേശീയ ടീമിലുണ്ടായിരുന്നു.

ലോകഫുട്‌ബോളിൽ ഇപ്പോൾ ഉള്ള മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് പോൾ പോഗ്‌ബ. ഫ്രാൻസിനായി 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്​. ​​ലോകകപ്പ്​ നേടിയ ഫ്രാൻസ്​ ടീമിലെ നിർണായക സാന്നിധ്യമായിരുന്ന പോഗ്‌ബ. ലോകകപ്പ് ഫെെനലിൽ ക്രൊയേഷ്യക്കെതിരെ പോഗ്‌ബ ഗോൾ നേടിയിരുന്നു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണെെറ്റഡ് താരമാണ് പോഗ്‌ബ. 2016ൽ പോഗ്ബയെ റെക്കോർഡ്​ തുകയ്‌ക്കാണ് മാഞ്ചസ്റ്റർ യുണെെറ്റഡ് സ്വന്തമാക്കിയത്. ഗിനിയൻ വംശജനായ പോഗ്​ബ ഇസ്​ലാം മതത്തിലേക്ക് മാറുകയായിരുന്നു.

Read Also: ‘ഞാൻ സാമുവലാണ്’; അധ്യാപകന്റെ കൊലപാതകത്തിൽ ഫ്രാൻസിൽ പ്രതിഷേധം ആളിക്കത്തുന്നു

ഫ്രാൻസിൽ അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തെ തുടർന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്‌ലിം തീവ്രവാദമെന്ന് ആരോപിച്ച് രംഗത്തെത്തിയത്. മുഹമ്മദ് നബിയുടെ കാരിക്കേച്ചർ വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തതിന്റെ പേരിലാണ് സാമുവൽ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയത്. കൊലയ്‌ക്കു പിന്നിൽ ഇസ്‌ലാമിക തീവ്രവാദികളാണെന്നും മതതീവ്രവാദം ഫ്രാൻസിൽ അംഗീകരിക്കില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം ഇസ്‌ലാമിക ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് പ്രസ്‌താവിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ആവശ്യപ്പെട്ടു. സെക്കൻഡറി സ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റി ക്ലാസിൽ വിദ്യാർഥികൾക്ക് മുഹമ്മദ് നബിയുടെ കാരിക്കേച്ചർ കാണിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഒരു മാസം മുൻപ് നടന്ന സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook