ഗബ്ബയില്‍ വെച്ച് നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് മാത്യു റെന്‍ഷായ്ക്ക് ക്രിക്കറ്റിലെ അപൂര്‍വ്വമായ നടപടിയിലൂടെ പിഴ ലഭിച്ചു. സ്വന്തം ടീമായ ക്വീന്‍സ്ലാന്റിന് അഞ്ച് റണ്‍സാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ പിഴയായി വിട്ടുകൊടുക്കേണ്ടി വന്നത്. ബാറ്റ്സ്മാന് പന്ത് സ്ക്വയര്‍ ലെഗിലേക്ക് അടിച്ച് വിട്ടപ്പോള്‍ വിക്കറ്റ് കീപ്പറായ ജിമ്മി പിയേഴ്സണ്‍ പന്തിന് പിന്നാലെ ഓടുകയായിരുന്നു.
വലത് കൈയിലെ ഗ്ലൗസ് ഊരി കീപ്പറുടെ സ്ഥാനത്ത് എറിഞ്ഞാണ് ജിമ്മി പന്ത് എടുക്കാന്‍ ഓടിയത്. എന്നാല്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന റെന്‍ഷാ ഗ്ലൗസ് കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ജിമ്മി എറിഞ്ഞ് കൊടുത്ത പന്ത് ഗ്ലൗസ് ഇട്ട കൈകൊണ്ട് പിടിച്ചെടുത്തു. കീപ്പര്‍ യഥാസ്ഥാനത്ത് എത്തിയപ്പോള്‍ റെന്‍ഷാ ഗ്ലൗസ് തിരികെ നല്കി. എന്നാല്‍ ഐസിസിയുടെ 27.1 നിയമപ്രകാരം വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് ഗ്ലൗസ് ധരിക്കാനുളള അനുവാദം. അത്കൊണ്ട് തന്നെ അംബയര്‍ ക്വീന്‍സ്ലാന്റിന് അഞ്ച് റണ്‍സ് പിഴ വിധിക്കുകയായിരുന്നു.
#Renshaw pic.twitter.com/LPpy7ChFhX
— Kyran Pick (@kyranpick) March 9, 2018
എന്നാല്‍ താന്‍ തമാശയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് റെന്‍ഷാ മത്സര ശേഷം പ്രതികരിച്ചു. ചട്ടലംഘനമാണെന്ന് ആ സമയം ചിന്തിച്ചില്ലെന്നും ചെയ്തത് തെറ്റായെന്ന് അംബയര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് റണ്‍സ് വിട്ടു കൊടുക്കേണ്ടി വന്നെങ്കിലും ക്വീന്‍സ്ലാന്റ് മത്സരത്തില്‍ വിജയിച്ചു.