‘റിമൂവ് എടികെ’ എന്ന ഹാഷ്ടാഗ് കഴിഞ്ഞ വാരം പശ്ചിമ ബംഗാളിലെ സോഷ്യൽ മീഡിയ ട്രെൻഡിങ്ങുകളിൽ മുന്നിലെത്തിയിരുന്നു. ക്ലബ്ബിന്റെ പാരമ്പര്യവും ചരിത്രവും നശിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടികെ മോഹൻ ബഗാൻ ആരാധകർ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ഹാഷ്ടാഗ് വൈറലായത്.

എടി‌കെ ‌മോഹൻ ബഗാൻ ഫുട്ബോൾക്ലബ്ബിന്റെ ആരാധകർ ഞായറാഴ്ച തെരുവിലിറങ്ങുകയും ചെയ്തിരുന്നു. മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് ആസ്ഥാനത്തിനു മുന്നിൽ മുദ്രാവാക്യം വിളിച്ച അവർ തുടർന്ന് പോസ്റ്ററുകളുമായി കൊൽക്കത്തയിലെ ധർമതാലയിലെ സി‌എസ്‌സി ഹൗസിന് മുന്നിലേക്കും മാർച്ച് നടത്തി. ക്ലബ്ബിന്റേ പേരിൽ നിന്ന് ‘എടി‌കെ’ എന്നത് നീക്കംചെയ്യണമെന്നും ക്ലബ്ബിന്റെ മൂന്നാം കിറ്റിന്റെ ഡിസൈൻ മാറ്റണമെന്നും ആരാധകർ ആവശ്യപ്പെട്ടു .

എ‌ടി‌കെ മോഹൻ‌ ബഗാൻ‌ അവരുടെ മൂന്നാമത്തെ കിറ്റ് കറുപ്പ് നിറത്തിൽ അവതരിപ്പിച്ചത് മുതൽ അവരുടെ ജേഴ്സിയും 2019 ലെ എ‌ടി‌കെയുടെ മൂന്നാമത്തെ കിറ്റും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാട്ടി ആരാധകർ പ്രതിഷേധമറിയിച്ചിരുന്നു. മോഹൻ ബഗാനിന്റ് പ്രാഥമിക നിറങ്ങളായ പച്ചയും മറൂണും ഉപയോഗിക്കാതെ ‘പഴയ എടികെയുടെ ജഴ്സി’ ഉപയോഗിച്ചത് 130 വർഷം പഴക്കമുള്ള മോഹൻ ബഗാനോടുള്ള അനാദരവിന്റെ അടയാളമാണെന്നും ആരാധകർ പറയുന്നു.

“എടികെ ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോഴെല്ലാം ഞങ്ങൾ പ്രതിഷേധിച്ചിട്ടുണ്ട്. കറുത്ത നിറം പ്രശ്‌നമല്ല, എന്നാൽ സൂക്ഷിച്ച് നോക്കിയാൽ മുൻ സീസണിലെ ചാമ്പ്യൻമാരായ ഇപ്പോൾ നിലവിലില്ലാത്ത എടികെയുടേതിന് സമാനമാണ് ഈ ഡിസൈനെന്ന് കാണാം, ” ആരാധകരിലൊരാളായ തുഹിൻ പട്ടേൽ പറഞ്ഞു.

“ഞങ്ങളുടെ ഒരേയൊരു പ്രശ്നം കറുത്ത ജേഴ്സി ആവർത്തിച്ച് ഉപയോഗിക്കുന്നതും എടികെ ബ്രാൻഡിന്റെ പ്രചാരണവുമാണ്. 1889 ൽ സ്ഥാപിതമായ, നൂറിലധികം പ്രധാന കിരീട വിജയങ്ങൾ നേടിയ മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബിന്റെ പാരമ്പര്യത്തെ അപമാനിക്കുകയാണ് ക്ലബ്ബിന്റെ പ്രമോട്ടർമാർ എന്ന് ഞങ്ങൾ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലബ്ബിന്റെ പേരിൽ നിന്ന് എടികെ എടുത്തുകളയണമെവ്വ് ആവശ്യപ്പെട്ട് കൊൽക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook