/indian-express-malayalam/media/media_files/uploads/2019/11/Yuvi-Lynn-1.jpg)
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന് മറുപടിയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്രിസ് ലിന്നിനെ ഒഴിവാക്കിയതിനെ പരിഹസിച്ചതിലാണ് യുവിക്ക് ടീം സിഇഒ മറുപടി നല്‍കിയത്. ടി10 ലീഗില്‍ വെടിക്കെട്ട് പ്രകടനം കാഴ്ച വച്ച ലിന്നിനെ ഒഴിവാക്കാനുള്ള കൊല്‍ക്കത്തയുടെ തീരുമാനം മോശമാണെന്നായിരുന്നു യുവി കഴിഞ്ഞ ദിവസം പറഞ്ഞത്.
കൊല്‍ക്കത്ത ടീമിന്റെ സിഇഒ വെങ്കി മൈസൂറാണ് ട്വിറ്ററിലൂടെ യുവിക്ക് മറുപടി കൊടുത്തത്. ലിന്നിനെ റിലീസ് ചെയ്തത് യുവരാജിനെ വാങ്ങാനായിരുന്നു എന്നാണ് വെങ്കിയുടെ മറുപടി. യുവരാജിന്റെ തമാശ രൂപേണയുള്ള പ്രതികരണത്തിന് അതേ രൂപത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് വെങ്കി. ഐപിഎല്ലില്‍ നിന്നും യുവി നേരത്തെ വിരമിച്ചിരുന്നു.
ടി10 ക്രിക്കറ്റില്‍ റെക്കോര്‍ഡ് തകര്‍ത്ത വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് ലിന്‍ അമ്പരപ്പിച്ചത്. വെറും 30 പന്തുകളില്‍നിന്നു 91 റണ്‍സ് നേടിയ ലിന്‍ അലക്സ് ഹെയില്‍സിന്റെ റെക്കോര്‍ഡും തകര്‍ത്തു. 32 പന്തുകളില്‍നിന്ന് 87 റണ്‍സ് നേടിയ ഹെയില്‍സിന്റെ റെക്കോര്‍ഡാണ് ലിന്‍ തകര്‍ത്തത്. ടി 10 ലീഗിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ ലിന്‍ ആണ്.
കഴിഞ്ഞ ദിവസമാണ് ലിന്നിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ റിലീസ് ചെയ്തത്. പിന്നാലെ ഇത് ചൂണ്ടിക്കാണിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും രംഗത്തെത്തി. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സില്‍ ലിന്നിന്റെ സഹതാരമാണ് യുവി. ലിന്നിനെ ഒഴിവാക്കിയ കൊല്‍ക്കത്തയുടെ തീരുമാനം തെറ്റാണെന്നായിരുന്നു യുവിയുടെ പ്രതികരണം.
''അവരെന്തുകൊണ്ട് അവനെ നിലനിര്‍ത്തിയില്ലെന്ന് എനിക്ക് മനസിലാകുന്നില്ല. മോശം തീരുമാനം. ഇതേക്കുറിച്ച് എസ്ആര്‍കെയ്ക്ക് മെസേജ് അയയ്ക്കണം. വിശ്വസനീയമായിരുന്നു ലിന്നിന്റെ പ്രകടനം. അവനെ ഞാന്‍ ഐപിഎല്ലില്‍ കണ്ടിട്ടുണ്ട്. കൊല്‍ക്കത്തയ്ക്ക് ഒരുപാട് തവണ നല്ല തുടക്കം നല്‍കിയിട്ടുണ്ട്. അതുപോലെ ഇന്ന് ബാറ്റ് ചെയ്യുന്ന ലിന്നിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം'' യുവി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.