രാജ്കോട്ട്: ഇന്നിങ്സിനും 271 റണ്‍സിനുമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇതോടെ പമ്പരയില്‍ ഇന്ത്യ ഒന്നേ പൂജ്യത്തിന് മുന്നിലെത്തുകയും ചെയ്തു. ബാറ്റിങിലും ബോളിങിലും ഇന്ത്യ ഒരേപോലെ തിളങ്ങിയ മത്സരത്തിൽ ഒരുപാട് റെക്കോർഡുകളും പിറന്നു. വ്യക്തിഗത റെക്കോർഡുകൾക്ക് പുറമെ ടീമും റെക്കോർഡുകൾ തിരുത്തിയെഴുതിയ മത്സരമായിരുന്നു രാജ്കോട്ടിലേത്.

ഇത്തരത്തിൽ ഇന്ത്യൻ സെഞ്ചുറിയൻമാരും റെക്കോർഡുകൾ എഴുതിയത്. ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചതിൽ നിർണ്ണായകമായത് മൂന്ന് സെഞ്ചുറികൾ. ക്യാപ്റ്റൻ വിരാട് കോഹ്ലി, യുവതാരം പൃഥ്വി ഷാ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇന്ത്യൻ സെഞ്ചുറിയന്മാർ. സെഞ്ചുറിക്ക് പുറമെ മൂവരും പല റെക്കോർഡുകളും തിരുത്തി.

വിരാട് കോഹ്ലി – 139 (230)

ഇന്ന് രാജ്കോട്ടില്‍ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടിയ കോഹ്‌ലി തിരുത്തിയത് സച്ചിന്റെ ഉൾപ്പടെ ഒരുപിടി റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. നേരത്തെ ഇത് സച്ചിന്റെ പേരിലായിരുന്നു.

സച്ചിന്‍ 125 ഇന്നിങ്‌സുകളില്‍നിന്നാണ് 24 സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോൾ കോഹ്‌ലി 123 ഇന്നിങ്‌സുകളില്‍നിന്നാണ് 24 സെഞ്ചുറി നേടിയത്. പട്ടികയില്‍ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമന്‍. വെറും 66 ഇന്നിങ്‌സുകളില്‍നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.

തുടര്‍ച്ചയായ മൂന്ന് കലണ്ടര്‍ വര്‍ഷത്തില്‍ ആയിരത്തിലേറേ റണ്‍സ് തികയ്ക്കുന്ന ആദ്യ നായകനാണ് കോഹ്‌ലി. ആഭ്യന്തര മത്സരത്തിലൂടെ ടെസ്റ്റില്‍ 3000 റണ്‍സ് കടക്കുന്ന 11-ാമത് ഇന്ത്യന്‍ താരമാണ് കോഹ്‌ലി. ഇന്ത്യയില്‍വച്ച് കോഹ്‌ലി നേടുന്ന 11-ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ആഭ്യന്തര മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്‌ലിയുടെ 8-ാം സെഞ്ചുറിയും.

നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ 17-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ടീമിനെ നയിച്ച് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാകുകയും ചെയ്തു കോഹ്‌ലി. 25 സെഞ്ചുറികളുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തും 19 സെഞ്ചുറികളുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങുമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

പൃഥ്വി ഷാ – 134 (154)

പതിനെട്ടുവയസുകാരൻ പൃഥ്വി ഷാക്ക് രാജ്കോട്ടിൽ അരങ്ങേറ്റ മത്സരമായിരുന്നു. ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ കൂടിയായ താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം തന്നെയായിരുന്നു രാജ്കോട്ടിലേത്. ദുലീപ് ട്രോഫിയിലും രഞ്ജി ട്രോഫിയിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടി താരം അന്തരാഷ്ട്ര അരങ്ങേറ്റത്തിലും അത് ആവർത്തിച്ചു.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരുപിടി റെക്കോർഡുകളും ഷാ സ്വന്തം പേരിൽ കുറിച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റേന്തുമ്പോൾ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചിൽ തെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ.

ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് ഷാ. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ താരവും ഷാ തന്നെ. ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും ഷായ്‍ക്കാണ്.

രവീന്ദ്ര ജഡേജ – 100 (132)

ടെസ്റ്റ് ക്രിക്കറ്റിലെ ഓൾറൌണ്ടർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ സ്ഥിര സാനിധ്യമാണ് രവീന്ദ്ര ജഡേജ. രാജ്കോട്ടിൽ ഇന്ത്യ റൺസ്കൊണ്ട് കോട്ട തീർത്തതിൽ ജഡേജയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

വെള്ള കുപ്പായത്തിലെ ഇന്ത്യയുടെ വിശ്വാസത്തനാണെങ്കിലും ജഡേജയുടെ ആദ്യ സെഞ്ചുറിയായിരുന്നു രാജ്കോട്ടിലേത്. 132 പന്തിൽ നിന്നുമാണ് താരം 100 റൺസ് സ്വന്തമാക്കിയത്. അതും തന്റെ 38മത് ടെസ്റ്റ് മത്സരത്തിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook