ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോളിന്റെ ആവേശത്തിലാണ് ആരാധകര്‍. ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് ആരാധകര്‍ ഗോളിനെ വിശേഷിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോയെ അഭിനന്ദിച്ച് മറ്റ് ടീമിലെ  താരങ്ങളടക്കം രംഗത്തെത്തിക്കഴിഞ്ഞു.

ഗോളിന്റെ ആവേശത്തിലുള്ള ആരാധകര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത. യുവന്റസിനെതിരായ മൽസരത്തില്‍ നാല് റെക്കോര്‍ഡും ക്രിസ്റ്റ്യാനോ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ആ റെക്കോര്‍ഡുകള്‍ ഇതാ,

തുടര്‍ച്ചയായ പത്ത് ചാമ്പ്യന്‍സ് ലീഗ് മൽസരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരം

യുവന്റിസനെതിരായ മൽസരത്തിലെ മൂന്നാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടി കൊണ്ടാണ് ക്രിസ്റ്റ്യാനോ ഈ റെക്കോര്‍ഡ് കുറിച്ചത്. യുവന്റസിനെതിരെ കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ ആരംഭിച്ച ഗോള്‍ വേട്ടയാണ് ഇപ്പോള്‍ പത്തിലെത്തി നില്‍ക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനെതിരെ ഏറ്റവും ഗോളുകള്‍

കഴിഞ്ഞ രാത്രിയിലെ ഇരട്ട ഗോളടക്കം ഒമ്പത് ഗോളുകളാണ് ക്രിസ്റ്റ്യാനോ യുവന്റസിനെതിരെ നേടിയിരിക്കുന്നത്. സമകാലികനായ മെസിയുമായി ഈ റെക്കോര്‍ഡ് പങ്കിടുകയാണ് ക്രിസ്റ്റ്യാനോ. ആഴ്‌സണലിനെതിരെയാണ് മെസി ഒമ്പത് ഗോളുകള്‍ നേടിയിരിക്കുന്നത്. യുവന്റസിനെതിരെ കളിച്ച എല്ലാ കളിയിലും ഗോളുകള്‍ നേടിയിട്ടുണ്ട് റോണോ എന്നതും ശ്രദ്ധേയമാണ്. നേരത്തെ ബയേണ്‍ മ്യൂണിക്കിനെതിരേയും ക്രിസ്റ്റ്യാനോ ഒമ്പത് ഗോള്‍ നേടിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍

നേരത്തെ തന്നെ ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കി കഴിഞ്ഞ ക്രിസ്റ്റ്യാനോ റെക്കോര്‍ഡ് അകലം രണ്ട് ഗോള്‍ കൂടി കൂട്ടിയിരിക്കുകയാണ്. യുവന്റസിനെ നേരിടാന്‍ ഇറങ്ങും മുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റിയാനോയുടെ സമ്പാദ്യം 117 ഗോളുകളായിരുന്നുവെങ്കില്‍ മൽസരശേഷം അത് 119 ആയി ഉയര്‍ന്നു.

കരിയറിലെ ഏറ്റവും വേഗതയേറിയ ചാമ്പ്യന്‍സ് ലീഗ് ഗോള്‍

തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു യുവന്റസിനെതിരെ നേടിയ ആദ്യ ഗോള്‍. കളി തുടങ്ങി രണ്ട് മിനിറ്റും 47 സെക്കന്റും പിന്നിട്ടപ്പോഴായിരുന്നു ആ സുന്ദര ഗോള്‍ പിറന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ