ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 119 പന്തിൽ 112 റൺസ് നേടി കോഹ്‌ലി പടനയിച്ചപ്പോൾ ഏകദിനത്തില്‍ തന്റെ മുപ്പത്തിമൂന്നാം സെഞ്ചുറിയാണ് വിരാട് കോഹ്‌ലി ഡര്‍ബനില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഈ സെഞ്ചുറിയോടെ അപൂര്‍വ്വമായ ഒരു സമ്പൂര്‍ണ്ണ സെഞ്ചുറി റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. താന്‍ കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഹ്‌ലി.

സച്ചിന്‍ തെൻഡുല്‍ക്കര്‍, സനത് ജയസൂര്യ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലിയുടെ റെക്കോർഡ് ബുക്കിലെ സ്ഥാനം. സച്ചിനും ജയസൂര്യയും ഒമ്പത് രാജ്യങ്ങളിൽവച്ച് സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ സച്ചിന് വെസ്റ്റ് ഇന്‍ഡീസിലും ജയസൂര്യക്ക് സിംബാബ്‌വേയിലും സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കളിച്ച എല്ലാ രാജ്യങ്ങളിലും സെഞ്ചുറി നേടിയാണ് കോഹ്‌ലി തന്റെ സമ്പൂര്‍ണ്ണ സെഞ്ചുറി പ്രകടനം നടത്തിയത്.

ടെസ്റ്റ് പദവിയുള്ള ഒമ്പത് രാജ്യങ്ങളിലാണ് കോഹ്‌ലി കളിച്ചത്. അതില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമായിരുന്നു സെഞ്ചുറി നേടാനുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്റെ പത്താം ഏകദിനത്തില്‍ ആ നേട്ടവും കുറിച്ചിരിക്കുകയാണ് കോഹ്‌ലി. ഏകദിനത്തില്‍ ഇന്ത്യയില്‍ തന്നെയാണ് കോഹ്‌ലി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ളത്. സ്വന്തം നാട്ടില്‍ കളിച്ച 76 ഏകദിനത്തില്‍ നിന്നും 14 സെഞ്ചുറികള്‍ കോഹ്‌ലി അടിച്ചെടുത്തു.

15 മൽസരങ്ങള്‍ കളിച്ച ബംഗ്ലാദേശില്‍ അദ്ദേഹം അഞ്ച് സെഞ്ചുറികള്‍ നേടി. 23 വീതം ഏകദിനങ്ങള്‍ കളിച്ച ഓസ്ട്രേലിയിലും ശ്രീലങ്കയിലും നാല് വീതം സെഞ്ചുറികള്‍ കോഹ്‌ലി നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള പാക്കിസ്ഥാനെതിരെ മാത്രമാണ് ആ രാജ്യത്ത് വച്ച് സെഞ്ചുറി നേടാന്‍ കോഹ്‌ലിക്ക് കഴിയാത്തത്. ഇതുവരെ പാക്കിസ്ഥാനില്‍ കളിക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ലെന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

ഡര്‍ബനില്‍ 119 പന്തിൽ 112 റൺസ് നേടി കോഹ്‌ലി പടനയിച്ചപ്പോൾ 86 പന്തിൽ 79 റണ്‍സുമായി അജിങ്ക്യ രഹാന നായകനു മികച്ച പിന്തുണ നൽകി. ഓപ്പണർമാരായ രോഹിത് ശർമ 20 റണ്‍സും ശിഖർ ധവാൻ 35 റണ്‍സും നേടി പുറത്തായി. ഹാർദിക് പാണ്ഡ്യ മൂന്ന് റൺസും എം.എസ്. ധോണി നാല് റൺസും നേടി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നായകൻ ഫഫ് ഡുപ്ലെസിയുടെ സെഞ്ചുറി കരുത്തിലാണ് 269 റണ്‍സ് നേടിയത്. 112 പ​ന്തി​ൽനിന്ന് 120 റ​ൺ​സാണ് ഡു​പ്ലെസി അടിച്ചു കൂട്ടിയത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് മൂ​ന്നും യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ര​ണ്ടും ജ​സ്പ്രീ​ത് ബുമ്ര​യും ഭൂ​വ​നേ​ശ്വ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook