ലണ്ടൻ: ഗോളടിച്ചും കിരീടം നേടിയുമൊക്കെ ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ ചരിത്രം കുറിച്ച ഒരുപാട് പേരുണ്ട്. പക്ഷെ റെബേക്ക വെല്‍ഷിന്റെ കഥ വേറെയാണ്. പുരുഷ ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിത റഫറി. ഒരു സ്ത്രീയായതുകൊണ്ടുള്ള പരിഗണന വേണ്ട, തന്റെ കഴിവിനായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്ന് പറഞ്ഞവള്‍.
ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗിന് താഴെ പ്രധാനമായും മൂന്ന് ഡിവിഷനുകളാണുള്ളത്. ഏപ്രില്‍ 5ന് രണ്ടാം ഡിവിഷനിലെ ഹരോഗേറ്റും പോര്‍ട്ട് വെയിലും തമ്മിലുള്ള മത്സരമാണ് റബേക്ക ആദ്യം നിയന്ത്രിക്കുക.
ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതാ റഫറിയാണെന്ന കാര്യം തനിക്കറിയില്ല എന്നായിരുന്നു റെബേക്കയുടെ ആദ്യ പ്രതികരണം. “അപ്പോയിന്മെന്റ് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ടായി. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് നിയന്ത്രിക്കുന്ന ആദ്യ വനിതയാണ് ഞാന്‍ എന്നതില്‍ അഭിമാനിക്കുന്നു. ഇതിന് വേണ്ടിയാണ് ഞാന്‍ ഇത്രകാലം പരിശ്രമിച്ചത്,” റെബേക്ക പറഞ്ഞു.
Read More: ഗോളടി മേളമൊരുക്കി നെതര്‍ലൻഡ്സും ബെല്‍ജിയവും; ലക്സംബര്‍ഗ് കടന്ന് പോര്‍ച്ചുഗല്‍
“ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയുമെന്ന് തെളിയിക്കണം. റഫറിയാകാന്‍ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ നിലവില്‍ റഫറിയായിട്ടുള്ള യുവതികള്‍ക്ക് ഇതൊരു പ്രചോദനം ആകുമെന്ന് ഞാന്‍ കരുതുന്നു,” റെബേക്ക കൂട്ടിച്ചേര്‍ത്തു.
പുരുഷ ലീഗിലേക്ക് ആദ്യമായി ചുവടുവയ്ക്കുന്ന റബേക്ക ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള വനിതാ റഫറിയാണ്. മൂന്ന് സീസണുകളില്‍ പുരുഷന്മാരുടെ നാഷണല്‍ ലീഗിലെ റഫറിയായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ വനിതകളുടെ എഫ്എ കപ്പ് ഫൈനല്‍, ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി ഷീല്‍ഡ്, വനിതകളുടെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ചിട്ടുണ്ട്.