മുംബൈ: ടീമിനോടും രാജ്യത്തോടുമുളള സ്‌നേഹം കൊണ്ട് പലപ്പോഴും ആരാധകരുടെ കയ്യടി നേടിയ താരമാണ് എം.എസ്.ധോണി. 2015 മകള്‍ ജനിച്ചപ്പോള്‍ ആഘോഷങ്ങളുമായി സാക്ഷിയ്ക്ക് അരികില്‍ നില്‍ക്കാതെ ലോകകപ്പില്‍ രാജ്യത്തിന് വേണ്ടി കളിക്കളത്തില്‍ പോരാടുകയായിരുന്നു ധോണി. അങ്ങനെ ഒരുപാട് തവണ തന്റെ രാജ്യസ്‌നേഹം ധോണി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യമാണ് തനിക്ക് പ്രധാനമെന്ന് പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട് ധോണി. അങ്ങനെയുള്ള ധോണിയുടെ ഫെല്‍മറ്റില്‍ ഇന്ത്യയുടെ പതാക ഇല്ലാത്തത് ആരാധകരുടെ നെറ്റി ചുളിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് ധോണിയുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാകയില്ലാത്തതെന്ന് ആരാധകരും നാളുകളായി തേടുകയായിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.

വിക്കറ്റ് കീപ്പര്‍മാര്‍ കളിക്കിടെ പലപ്പോഴായി ഹെല്‍മറ്റ് മാറ്റാറുണ്ട്. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ചിലപ്പോഴൊക്കെ ഹെല്‍മറ്റിന് പകരം തൊപ്പി ധരിക്കാറുണ്ട്. ഫാസ്റ്റ് ബോളര്‍മാരാണ് പന്തെറിയുന്നതെങ്കില്‍ ഹെല്‍മറ്റ് വയ്ക്കുകയും ചെയ്യും. ഓരോ ഓവര്‍ കഴിയുമ്പോഴും ഹെല്‍മറ്റ് മാറ്റാന്‍ പന്ത്രണ്ടാമന്റെ സഹായം തേടുക എന്നത് കീപ്പര്‍മാരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മറ്റ് ഫീല്‍ഡില്‍ തന്നെ നിലത്തു വയ്ക്കുകയാണ് പതിവ്.

നിയമ പ്രകാരം ഇന്ത്യന്‍ പതാകയോ പതാകയുള്ള വസ്തുക്കളോ നിലത്ത് വയ്ക്കരുതെന്നാണ്. തന്റെ രാജ്യത്തോടും പതാകയോടുമുള്ള ആദരവുകൊണ്ടാണ് ധോണി ഹെല്‍മറ്റ് നിലത്തുവയ്ക്കാത്തത്. നിലത്തു വയ്ക്കുകയാണെങ്കില്‍ അത് പതാകയേയും നിയമത്തേയും അപമാനിക്കലാകുമെന്ന് മുന്‍ നായകന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് തന്റെ ഹെല്‍മറ്റില്‍ നിന്നും ധോണി പതാക എടുത്തു കളഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook