കാർഡിഫ്: തീപാറിയ മൽസരത്തിൽ യുവന്റസിനെ വീഴ്ത്തി റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ് കിരീടം. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടി. റയലിന്റെ 12-ാം യൂറോപ്യൻ കിരീടം കിരീടമാണിത്. തുടർച്ചയായി രണ്ടാംതവണ കിരീടം നേടുന്ന ടീമെന്ന ഖ്യാതിയും റയൽ സ്വന്തമാക്കി. 2014ലും 2016ലും അത്‌ലറ്റിക്കോയെ തോൽപിച്ച് റയൽ കിരീടം ചൂടിയിരുന്നു.

Champions League, Real Madrid, Cristiano Ronaldo

ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. 20-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചതോടെയാണ് യുവന്റസിന്റെ മേല്‍ റയൽ ആധിപത്യം നേടിയത്. എന്നാൽ 27-ാം മിനിറ്റില്‍ യുവന്റസ് ഗോള്‍ മടക്കി. പിന്നീട് ഇരുടീമുകളും വാശിയേറിയ മൽസരം കാഴ്ചവച്ചെങ്കിലും ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിൽ 61-ാം മിനിറ്റില്‍ കാസാമിറോയുടെ ലോങ് റേഞ്ചില്‍ നിന്നായിരുന്നു റയലിന്റെ രണ്ടാമത്തെ ഗോള്‍. 64-ാം മിനിറ്റില്‍ മോഡിച്ച് നല്‍കിയ പാസ് ക്രിസ്റ്റ്യാനോ വലയിലെത്തിച്ചതോടെ റയലിന്റെ മൂന്നാം ഗോളും പിറന്നു. 85-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അസന്‍സിയോ കൂടി ഗോള്‍ നേടിയതോടെ റയൽ വിജയം കൈപ്പിടിയിലൊതുക്കി. റയലിനെതിരെ ഗോൾ മടക്കാൻ യുവന്റസ് താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നേടാനായില്ല. ഇതോടെ ചാംപ്യൻസ് ലീഗ് രാജാക്കന്മാരായി റയൽ മഡ്രിഡ് മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ