സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡും ബാഴ്സിലോണയും തമ്മിലുള്ള വൈരം ലോക പ്രശസ്തമാണ്. ഇരു ക്ലബുകളും തമ്മിലുള്ള പോരാട്ടത്തെ എൽക്ലാസിക്കോ എന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. ചിരവൈരികളായ ഇരു ക്ലബുകളുടെയും ആരാധകർ തമ്മിലുള്ള പോർവിളിയും സർവസാധാരണമാണ്. നവമാധ്യമങ്ങളിലെ ചീത്തവിളിയും ട്രോളുകളുമൊക്കെയായി ഇവർ എന്നും കലഹിക്കുകയാണ്. എന്നാൽ ഈ പോരാട്ടം പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

റയൽ മാഡ്രിഡിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ എൽക്ലാസിക്കോ പോരാട്ടത്തിൽ ലിയണൽ മെസി അടിച്ച ഗോളിന്റെ വീഡിയോയാണ് റയലിന്റെ ഫെയിസ്ബുക്ക്, ട്വിറ്റർ പേജുകളിലൂടെ പ്രചരിക്കപ്പെട്ടത്. മെസി റയലിലേക്ക് സ്വാഗതം എന്ന തലവാചകം നൽകികൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തങ്ങളുടെ ഫെയിസ്ബുക്ക്,ട്വിറ്റർ പേജുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റയൽ മാഡ്രിഡ് അധികൃതർ സ്ഥിരീകരിച്ചു. ഉടൻ തന്നെ ഇത് പരിഹരിക്കുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ബാഴ്സിലോണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത്. അർജന്റീനിയൻ താരം ഏൻജൽ ഡി മരിയയെ ബാഴ്സ സ്വന്തമാക്കി എന്നായിരുന്നു ഫെയിസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.

അവർ മൈൻ എന്ന ഹാക്കിങ്ങ് ഗ്രൂപ്പാണ് ഇത് ചെയ്തത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സൈബർ സുരക്ഷയുടെ കാര്യത്തിൽ ഇരുക്ലബുകളും പിന്നിലാണെന്ന് തെളിയിക്കാനായിരുന്നു തങ്ങളുടെ ഉദ്ദേശമെന്ന് അവർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ