മാഡ്രിഡ്: ലോകം വാലന്രൈൻസ് ഡേ ആഘോഷിക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ കണ്ണുകൾ എല്ലാം സ്‌പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്കാണ്. ക്ലബ് ഫുട്ബോളിലെ വൻശക്തികളായ റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലുളള പോരാട്ടത്തിനാണ് ഏവരും കാത്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറും തമ്മിലുളള നേർക്ക്നേർ പോരാട്ടവും ശ്രദ്ധേയമാകും.

മൽസരത്തിന് ഒരുങ്ങും മുൻപ് റയലിന് നിരാശ നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വലത് വിങ് ബാക്കായ ഡാനി കാർവഹാൾ ഇന്ന് റയൽ മാഡ്രിഡ് നിരയിൽ ഉണ്ടാകില്ല. സസ്‌പെൻഷൻ കാരണമാണ് ഡാനി കാർവഹാളിന് കളിക്കാൻ സാധിക്കാത്തത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ അപ്പൊവലിനെതിരെ മഞ്ഞകാർഡ് കണ്ടതാണ് താരത്തിന് തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടങ്ങളിലെ മൽസരങ്ങളിൽ ആകെ മൂന്ന് മഞ്ഞകാർഡ് കണ്ടതോടെയാണ് കാർവഹാളിന് സസ്‌പെൻഷൻ ലഭിച്ചത്. പിഎസ്ജിക്കെതിരായ രണ്ടാംപാദത്തിൽ താരത്തിന് കളിക്കാനാകും.

കാർവഹാളിന് പകരം സെൻട്രൽ മിഡ്ഫീൽഡർമാരിൽ ഒരാളായ നാച്ചോ ആയിരിക്കും വലത് വിങ്ങറാവുക. വിങ്ങുകളിലൂടെ ആക്രമണം നടത്തുന്ന നെയ്മറെ തടയുക എന്നത് നാച്ചോയ്ക്ക് കടുത്ത വെല്ലുവിളിയാകും. നെയ്മറും എംബാപെയും മൈതാനത്തിന്റെ ഏത് വശത്ത് നിന്ന് ആക്രമിക്കാനും വിദഗ്‌ധരാണ്.

ഇന്ത്യൻ​ സമയം നാളെ പുലർച്ചെ 1.15 ന് ആണ് റയൽ മാഡ്രിഡ് Vs പിഎസ്ജി പോരാട്ടം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ