പാരിസ്: ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡും ഫ്രഞ്ച് ഭീമൻമാരായ പിസ്എജിയും പ്രീക്വാർട്ടർ ഘട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനായി ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്. എന്നാൽ പന്തുരുളും മുൻപ് വാർത്തകളിൽ സജീവമായിരിക്കുകയാണ് ക്ലാസിക് പോരാട്ടത്തിന്റെ വിശേഷങ്ങൾ.
റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലുളള ആദ്യപാദ മൽസരത്തിന്റെ ടിക്കറ്റുകൾ റെക്കോർഡ് വേഗത്തിൽ വിറ്റു തീർന്നിരിക്കുകയാണ്. കേവലം 37 മിനുറ്റ് കൊണ്ട് 81,000 ടിക്കറ്റുകളാണ് വിറ്റ് തീർന്നത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണ്ണബ്യുവിലാണ് ആദ്യപാദ മൽസരം നടക്കുന്നത്. മാർച്ച് ആറിനാണ് രണ്ടാം പാദ മൽസരം.
ലാലീഗയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന റയൽ മാഡ്രിഡിനെ സംബന്ധിച്ച് മൽസരം വലിയ വെല്ലുവിളിയാണ്. നിലവിലെ സാഹചര്യവും ടീമിന്റെ ഫോമും കണക്കിലെടുത്താൽ പിഎസ്ജിക്കാണ് മുൻതൂക്കം. നെയ്മർ, കവാനി, എംബാപെ, ഡിമരിയ തുടങ്ങിയ താരങ്ങൾ തകർപ്പൻ ഫോമിലാണ്.
എന്നാൽ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് ക്രിസ്റ്റ്യാനോയും കൂട്ടരും. പരുക്ക് ഭേദമായി ഗാരത് ബെയ്ൽ തിരിച്ചെത്തിയിട്ടും വിജയവഴികളിലേക്ക് മടങ്ങിയെത്താൻ റയലിന് കഴിഞ്ഞിട്ടില്ല. സ്പെയിനിൽ നടക്കുന്ന ആദ്യ പാദത്തിൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു ഹോം ഗെയിം സ്വാന്തമാകാനും രണ്ടാം പാദത്തിൽ ഒരുമിച്ചു നിന്ന് പ്രതിരോധിക്കാനും ആവും സിദാനും സംഘവും ശ്രമിക്കുക.