മാഡ്രിഡ്​​​: ഫുട്ബോൾ ലോകം ഉറ്റുനോക്കിയ എൽക്ലാസിക്കോ പോരാട്ടത്തിൽ ലയണൽ മെസിയും ബാഴ്സ താരങ്ങളും ചിരിച്ചപ്പോൾ സ്പാനിഷ് ലീഗ് കിരീടത്തിനായുള്ള പോര് പ്രവചനാതീതമായി. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ അവസാന മിനുറ്റിൽ ലിയണൽ മെസി നേടിയ തകർപ്പൻ ഗോളാണ് ബാഴ്സിലോണയ്ക്ക് വിജയം ഒരുക്കിയത്. ജയത്തോടെ ബാഴ്സിലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റാണ് ബാഴ്സിലോണയുടെ സമ്പാദ്യം. 75 പോയിന്റുള്ള റയൽ മാഡ്രിഡ് ബാഴ്സിലോണയേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്. ഗോൾ ശരാശരിയിൽ മാത്രമാണ് ബാഴ്സിലോണയ്ക്ക് മുൻതൂക്കമുള്ളത്. 6 മത്സരങ്ങൾ ശേഷിക്കെ വിജയം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഇനി ഒരു മത്സരത്തിൽ ചുവട് പിഴച്ചാൽ ഇരു ടീമുകളുടെയും കിരീട മോഹങ്ങൾ ചാമ്പലാകും.


ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ 2 എതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സിലോണ റയൽ മാഡ്രിഡിനെ തോൽപ്പിച്ചത്. തുടക്കം മുതല്‍ മൈതാനം നിറഞ്ഞ് കളിച്ച ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. കാസമിറോയിലൂടെ രയല്‍ ആദ്യ ഗോള്‍ നേടിയെങ്കിലും തുറുപ്പുചീട്ടായ മെസി തന്നെ ബാഴ്സയ്ക്ക് വേണ്ടി സമനില പിടിച്ചു. പിന്നീട് ഗോള്‍ പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം ഇവാൻ റാക്കിട്ടിച്ചിന്റെ ഗംഭീര ഗോളിലൂടെ ബാഴ്സ മുമ്പിലെത്തി. വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്ന റയൽ കളം നിറഞ്ഞ് വാശിയോടെ കളിച്ചെങ്കിലും നായകൻ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ വീണ്ടും ആശങ്കയുടെ നിമിഷങ്ങള്‍.എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഹാമേസ് റോഡ്രിഗസ് റയലിനെ ബാഴ്സയ്ക്ക് ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്തിന്റെ അവസാന സെക്കന്റുകളിലായിരുന്നു മെസിയുടെ രണ്ടാം ഗോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ