സൂറിച്: യുഫേഫ ചാപ്യൻസ് ലീഗിന്രെ ക്വാർട്ടർ ലൈനപ്പായി. അവസാന എട്ടിൽ കരുത്തരായ ബാഴ്സിലോണയുടെ എതിരാളികൾ ഇറ്റാലിയൻ ചാംപ്യൻമാരായ യുവന്റസാണ്. പിഎസ്ജിക്ക് എതിരെ ഐതിഹാസികമായി തിരിച്ചുവരവ് നടത്തിയ ബാഴ്സ ഒരിടവേളയ്ക്ക് ശേഷം ചാംപ്യൻസ് ലീഗ് കിരീടം ഉയർത്താനുള്ള ഒരുക്കത്തിലാണ്. എന്നാൽ ജിയാൻലൂജി ബുഫണും ഗോൺസാലോ ഹിഗ്വയിനുമൊക്കെ അണിനിരക്കുന്ന യുവന്റിസിനെ വീഴ്ത്തുക ബാഴ്സയ്ക്ക് എളുപ്പമാകില്ല.

നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ജർമ്മൻ ചാംപ്യൻമാരായ ബയൺ മ്യൂണിക്കാണ്. ഈ വർഷത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ ഗ്ലാമർ പോരാട്ടമാരിക്കും ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ. ഇംഗ്ലീഷ് ടീമായ ആഴ്സണലിനെതിരെ ഗോൾമഴ പെയ്യിച്ചാണ് ബയണിന്റെ വരവ്. ആര്യൻ റോബനും, റോബട്ട് ലെവൻഡോസ്ക്കിയും തകർപ്പൻ ഫോമിലാണ് എന്നത് ബയണിന് കരുത്താകും. മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും തകർപ്പൻ ഫോമിലാണ്.

ചാംപ്യൻസ് ലീഗിന്രെ ക്വാർട്ടർ ഫൈനലിൽ ആദ്യമായി എത്തിയ ലെസ്റ്റർ സിറ്റിയുടെ എതിരാളികൾ അത്‌ലറ്റിക്കോ മാഡ്രിഡാണ്. സ്വപ്നകുതിപ്പ് നടത്തുന്ന ലെസ്റ്ററിന്റെ കുറുനരികളെ സിമിയോണിയുടെ സംഘത്തിന് തടയാനാകുമോ എന്ന് കാത്തിരുന്ന് കാണണം. സ്പാനിഷ് ക്ലബായ സെവിയയെ കീഴടക്കിയാണ് ലെസ്റ്റർ ക്വാർട്ടർ ബർത്ത് നേടിയത്. മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രഞ്ച് ക്ലബായ എ.എസ് മൊണാക്കോയെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ