അബുദാബി: ഫിഫ ക്ലബ്ബ് ലോകകപ്പിൽ സ്‍പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് എഫ്സി ഫൈനലിൽ. ജപ്പാനിൽ നിന്നുള്ള കശിമ അന്രലേഴ്സിനെ സെമിയിൽ കീഴ്പ്പെടുത്തിയാണ് റയൽ കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. സൂപ്പർ താരം ഗ്യാരത്ത് ബെയ്‍ലിന്റെ ഹാട്രിക് മികവിലായിരുന്നു റയലിന്റെ വിജയം.

തുടക്കം മുതൽ കളിയുടെ നിയന്ത്രണം ബെൺസേമ, ബെയ്‍ൽ, മോഡ്രിച്ച്, ക്രൂസ്, റാമോസ്, മാഴ്സലോ എന്നീ കൊമ്പന്മാരടങ്ങിയ റയൽ ഏറ്റെടുത്തു. പന്ത് കൈവശം വയ്ക്കുന്നതിലും റയൽ മുന്നിട്ട് നിന്നെങ്കിലും ആദ്യ ഗോൾ പിറക്കാൻ ആദ്യ പകുതിയുടെ അവസാന മിനിറ്റുകൾ വരെ കാത്തു നിൽക്കേണ്ടി വന്നു. 44-ാം മിനിറ്റിലായിരുന്നു ഗ്യാരത്ത് ബെയ്‍ലിന്റെ ആദ്യ ഗോൾ.

ആദ്യ പകുതി അവസാനിക്കുമ്പോൾ ലീഡെടുത്ത റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ താളം കണ്ടെത്തി. 53-ാം മിനിറ്റിൽ വീണ്ടും ബെയ്‍ൽ ഗോൾ. അധികം വൈകാതെ രണ്ട് മിനിറ്റുകൾക്ക് അപ്പുറം 55-ാം മിനിറ്റിൽ വീണ്ടും ബെയ്‍ലിന്രെ കാലിൽ നിന്ന് പോയ ഷോട്ട് കാശിമ അന്റലേഴ്സിന്റെ വല ചലിപ്പിച്ചതോടെ റയലിന്റെ ലീഡ് മൂന്നായി. ബെയ്‍ലിനും ഹാട്രിക്കും.

ലീഡ് മൂന്നായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ മാഡ്രിഡിനെ ഞെട്ടിച്ച് 78-ാം ഷോമ ദോയിയാണ് ജപ്പാൻ ക്ലബ്ബിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. ഡിസംബർ 22 ന് നടക്കുന്ന ഫൈനലിൽ അബുദാബിയിൽ നിന്നുള്ള അൽ അയിൻ ക്ലബ്ബാണ് റയലിന്റെ എതിരാളികൾ.

ഫിഫ ക്ലബ്ബ് ലോകകപ്പിലെ ഹാട്രിക് കിരീടമാണ് റയൽ ലക്ഷ്യമിടുന്നത്. 2014ൽ ആദ്യ ലോകകപ്പ് ജയിച്ച റയലിന് എന്നാൽ അടുത്ത വർഷം കിരീടം നിലനിർത്താനായില്ല. ബാഴ്സയായിരുന്നു അന്ന് കിരീടമുയർത്തിയത്. 2016ൽ കശിമ അന്രലേഴ്സിനെ തന്നെ ഫൈനലിൽ തോൽപ്പിച്ച് കിരീടമണിഞ്ഞിരുന്നു. 2017ൽ ബ്രസീലിൽ നിന്നുള്ള ഗ്രീമിയോയെ പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം. ഇത്തവണ ജയിക്കാനായാൽ ഹാട്രിക് കിരീടമെന്ന നേട്ടമാണ് റയലിനെ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook