മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് ഏറ്റുവാങ്ങിയ നാണംകെട്ട തോല്‍വിക്ക് പിന്നാലെ റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി. ജൂലന്‍ ലൊപട്ടേഗിയെ പുറത്താക്കി പകരം മുന്‍ അര്‍ജന്റീനന്‍ താരമായ സാന്റിയാഗോ സൊളാരിയ്ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍ ആന്റോണിയോ കോണ്ടെ അടക്കമുള്ളവര്‍ മാഡ്രിഡിന്റെ റഡാറിലുണ്ട്. സിദാന്‍ പോയതിന് ശേഷം എത്തിയ ലൊപട്ടേഗിയുടെ പ്രകടനം മോശമായിരുന്നു. അഞ്ച് മാസത്തിനിടെ ടീമിന്റെ പ്രകടനം മെച്ചപ്പെടാതെ വന്നതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയത്.

സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് നിലവില്‍ റയല്‍. എല്‍ ക്ലാസിക്കോയില്‍ 51നാണ് ബാഴ്‌സ റയലിനെ തകര്‍ത്തുകളഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് കൂടുമാറിയശേഷമുള്ള റയലിന്റെ ആദ്യ എല്‍ ക്ലാസികോ പോരാട്ടമായിരുന്നു ഇത്. ലയണല്‍ മെസിയുടെ അഭാവത്തിലും മികച്ച പ്രകടനമായിരുന്നു ബാഴ്‌സ പുറത്തെടുത്തത്. സുവാരസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകളാണ് റയലിന്റെ വലയിലേക്ക് ബാഴ്‌സ അടിച്ചു കയറ്റിയത്. ഇതിന് പിന്നാലെ നടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് പരിശീലകനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

പരിശീലക കുപ്പായത്തില്‍ ഇത് രണ്ടാം തവണയാണ് ലൊപട്ടേഗി കരാര്‍ പൂര്‍ത്തിയാകുംമുമ്പ് മടങ്ങുന്നത്. ലോകകപ്പില്‍ സ്‌പെയ്ന്‍ ടീമിന്റെ പരിശീലകനായിരുന്ന ലൊപട്ടേഗി ലോകകപ്പിനിടെ തന്നെ റയലുമായി കരാര്‍ ഒപ്പിട്ടത് പരസ്യമാക്കിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു.

കൂടാതെ പരിശീലകനെ പുറത്താക്കിയെങ്കിലും ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയല്ല അതിനു ശേഷവും വന്നു കൊണ്ടിരിക്കുന്നത്. റയലില്‍ താരങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നതിന്റെ സൂചനകളാണ് എല്‍ ക്ലാസിക്കോയ്ക്കു ശേഷം വ്യക്തമാവുന്നത്. മത്സരത്തിനു ശേഷം കസമീറോ നടത്തിയ അഭിപ്രായ പ്രകടനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് റയല്‍ നായകന്‍ റാമോസ് രംഗത്തെത്തുകയായിരുന്നു.

മത്സരത്തിനു ശേഷം കനത്ത പരാജയത്തിനു കാരണം റയല്‍ താരങ്ങള്‍ തന്നെയാണെന്നാണ് കസമീറോ അഭിപ്രായപ്പെട്ടത്. എന്നാല്‍ കസമീറോയുടെ വാക്കുകള്‍ അനുചിതവും അനവസരത്തിലുള്ളതുമാണെന്ന് റാമോസ് തുറന്നടിച്ചു. ഒരാളെയും കുറ്റപ്പെടുത്താനുള്ള സമയമായി ഇതിനെ കണക്കാക്കരുതെന്നും എല്ലാവരും സ്വയം വിമര്‍ശനം നടത്തേണ്ടതുണ്ടെന്നും റാമോസ് പറഞ്ഞു.

റൊണാള്‍ഡോ ടീമിലുണ്ടായിരുന്ന സമയത്ത് താരത്തിന്റെ അടുത്ത സുഹൃത്തായിരുന്നു കസമീറോ. താരത്തിന്റെ അഭാവം റയലിനെ ബാധിച്ചിട്ടുണ്ടെന്ന് കസമിറോ പല തവണ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കസമീറോയും റാമോസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook