മാഡ്രിഡ്: നിലവിലെ ലാലിഗ ചാമ്പ്യൻമാരും ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ റയൽ മാഡ്രിഡിന് ഇത് കലികാലം. ലാലീഗയിൽ മോശം ഫോം തുടരുന്ന ചാമ്പ്യൻമാർ ഇന്നല നടന്ന മൽസരത്തിൽ വിയ്യറയലിനോട് തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ റയൽ മാഡ്രിഡിനെ വിയ്യറയൽ അട്ടിമറിച്ചത്.

സ്വന്തം മൈതാനത്ത് നടന്ന മൽസരത്തിൽ റയൽ മാഡ്രിഡിന് തന്നെയായിരുന്നു മേധാവിത്വം. മൽസരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് നിയന്ത്രിച്ച റയൽ 28 തവണയാണ് ഗോളിനായി ശ്രമം നടത്തിയത്. എന്നാൽ ഫിനിഷിങ്ങിലെ പിഴവും വിയ്യറയൽ ഗോൾകീപ്പറുടെ മികവും റയലിനെ തടയുകയായിരുന്നു. ഗോൾനേടാനുള്ള സുവർണ്ണാവസരം ക്രിസ്റ്റ്യാനോ റോണാൾഡോയും ഗാരത് ബെയ്‌‌ലും പാഴാക്കിയത് റയലിന് വിനയായി.

എന്നാൽ റയലിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ച വിയ്യറയൽ 87-ാം മിനിറ്റിലാണ് തങ്ങളുടെ വിജയഗോൾ നേടിയത്. തകർപ്പൻ ഒരു ചിപ്പ് ഷോട്ടിലൂടെ പാബ്ലോ ഫോർനാൽസാണ് റയലിന്റെ വലകുലുക്കിയത്.

തോൽവിയോടെ ലാലീഗ കിരീടം നിലനിർത്താമെന്ന റയൽ മാഡ്രിഡിന്റെ മോഹങ്ങൾ ഏറെക്കുറെ അവസാനിച്ചു. ഒന്നാം സ്ഥാനത്തുള്ള ബാഴ്സിലോണയേക്കാൾ 16 പോയിന്റ് പിന്നിലാണ് റയൽ ഇപ്പോൾ. 18 മൽസരങ്ങളിൽ നിന്ന് 48 പോയിന്റുമായി ബാഴ്സിലോണ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇത്രയും മൽസരങ്ങളിൽ നിന്ന് 32 പോയിന്റ് മാത്രമാണ് റയലിന്റെ സമ്പാദ്യം.

അതേസമയം ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ സിനദിൻ സിദാനെതിരെ ആരാധകർ പ്രതിഷേധിച്ചു. മൽസരത്തിന് ശേഷം കടുത്ത നിരാശയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ