തുടർ പരാജയങ്ങൾ പതിവാക്കി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. സ്പാനിഷ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആൽവസിനേടാണ് റയൽ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് ആൽവസിനെതിരെ റയലിന്റെ പരാജയം. ഇഞ്ചുറി ടൈമിലായിരുന്നു ആൽവസിന്റെ വിജയ ഗോൾ.

നേരത്തെ ചാമ്പ്യൻസ് ലീഗിൽ സിഎസ്കെഎ മോസ്കോയോട് പരാജയപ്പെട്ട റയൽ, ലാലീഗയിൽ സെവില്ലയോടും പരാജയപ്പെട്ടിരുന്നു. ഇതിനിടയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് ഗോൾരഹിത സമനിലയും. കഴിഞ്ഞ കുറെ മത്സരങ്ങളിലായി ഗോളടിക്കാന്‍ പോലും മറന്നിരിക്കുകയാണ് ടീം. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒരിക്കൽപോലും എതിർ ഗോൾവല ചലിപ്പിക്കാൻ റയലിന് സാധിച്ചിട്ടില്ല.

താരതമ്യേന ദുർബലരായ എതിരാളികൾ പോലും ലാഘവത്തോടെയാണ് ഇപ്പോള്‍ റയലിനെ നേരിടുന്നത്. ആൽവസിനെതിരായ മത്സരത്തിൽ 70 ശതമാനം സമയവും പന്ത് കൈയ്യടക്കി വച്ചിട്ടും റയൽ താരങ്ങൾ ഗോളടിക്കാൻ മറക്കുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടെങ്കിലും കരീം ബെൻസേമ, ബെയ്ൽ, ലൂക്ക മൊഡ്രിച്ച് എന്നിങ്ങനെ പേരുകേട്ട താരങ്ങൾ ഇനിയും ടീമിൽ അവശേഷിക്കുന്നുണ്ട്.

ഇന്നലെ റയലിനെതിരെ ജയിച്ചതോടെ ആൽവസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. തോറ്റെങ്കിലും റയൽ രണ്ടാം സ്ഥാനത്ത് തുടരും. പോയിന്റ് പട്ടികയില്‍ ബാഴ്‌സ തന്നെയാണ് ഇപ്പോഴും മുന്നില്‍. ഏഴു കളിയില്‍ 14 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. റയലിന് എട്ടുകളിയില്‍ നിന്നാണ് 14 പോയിന്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ