റയൽ മാഡ്രിഡ് പരിശീലകന് തലവേദനയായി സൂപ്പർ താരം മാഴ്സെലോയുടെ പരുക്ക്. ഇന്നലെ രാത്രി നടന്ന റയൽ ബെറ്റിസുമായുള്ള മൽസരത്തിനിടെയാണ് ഇടത് വിങ്ങർ മാഴ്‌സെലോക്ക് പരുക്കേറ്റത്. ഹാംസ്ട്രിങ്ങിനാണ് താരത്തിന് പരുക്കേറ്റത്. പിഎസ്ജിക്കെതിരെ മാർച്ച് 6ന് നടക്കുന്ന മൽസരം മാഴ്സെലോയ്ക്ക് നഷ്ടമാവുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ബെറ്റിസിനെതിരായ മൽസരത്തിന്റെ 26-ാമത്തെ മിനിറ്റിലാണ് താരത്തിന് ഹാംസ്ട്രിങ് പരുക്കേറ്റത്. മാഴ്‌സെലോ കളിക്കളത്തിൽ തുടരാൻ ശ്രമിച്ചെങ്കിലും 29-ാമത്തെ മിനിറ്റിൽ താരത്തെ സിദാൻ പിൻവലിക്കുകയായിരുന്നു. മാഴ്‌സെലോക്ക് പകരം തിയോ ഹെർണാഡസിനെ ആണ് സിദാൻ കളത്തിൽ ഇറക്കിയത്. മധ്യ നിര താരം ടോണി ക്രൂസും പരുക്കുമൂലം റയൽ മാഡ്രിഡ് ടീമിൽ നിന്ന് പുറത്താണ്.

താരത്തിന്റെ പരുക്കിന്റെ തീവ്രത ഈ വരുന്ന ദിവസങ്ങളിൽ അറിയാൻ കഴിയും. മാഴ്സെലോ ഇല്ലെങ്കിൽ പിഎസ്ജിക്ക് അത് സന്തോഷകരമായ വാർത്തയായിരിക്കും. ഇടത് വിങ്ങിലൂടെ പറന്ന് എത്തുന്ന എംബാപെയെ തടയുക എന്നത് യുവതാരം തിയോ ഹെർണ്ണഡസിന് കടുപ്പമാകും. കഴിഞ്ഞ മൽസരത്തിൽ എംബാപെയുടെ നീക്കങ്ങളെ ഒരുപരിധിവരെ തടുക്കാൻ മാഴ്സെലോയ്ക്ക് കഴിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ