മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയേയും ലോക ഫുട്‌ബോളിനേയും തന്നെ പിടിച്ചു കുലുക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ പ്രതിരോധ ഭടന്‍ സെര്‍ജിയോ റാമോസിനെതിരായ ഉത്തേജക മരുന്ന് വിവാദം. 2017 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പായി റാമോസ് നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നായിരുന്നു ആന്റി ഡോപ്പിങ് ഏജന്‍സിയുടെ കണ്ടെത്തല്‍. ഒരു ജര്‍മന്‍ മാധ്യമത്തിന്റേതായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് റയല്‍ മാഡ്രിഡ് രംഗത്തെത്തിയിരിക്കുകയാണ്.

റാമോസ് ഒരിക്കലും ആന്റി-ഡോപ്പിങ് കണ്ട്രോള്‍ റെഗുലേഷന്‍സ് മറി കടന്നിട്ടില്ലെന്നാണ് റയല്‍ മാഡ്രിഡ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചത്. അതുകൊണ്ടാണ് യുവേഫ വിഷയം വേഗത്തില്‍ തന്നെ അവസാനിപ്പിച്ചതെന്നും വേള്‍ഡ് ആന്റി-ഡോപ്പിങ് ഏജന്‍സിയും യുവേഫയും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്ന് വച്ചതെന്നും റയല്‍ പറയുന്നു.

വസ്തുതാപരമല്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്നും മാധ്യമത്തിനുള്ള മറുപടിയായി റയല്‍ പറഞ്ഞു. റാമോസ് വേദന സംഹാരിയായി ഉപയോഗിച്ച ഡെക്സാമെറ്റാസോണ്‍ എന്ന മരുന്നാണ് വിവാദത്തിന് ഇടയാക്കിയത്. ഇത് ഡോപിങ് പരിശോധനാ ഏജന്‍സികളെ മുന്‍കൂട്ടി അറിയിച്ചില്ലെങ്കില്‍ ഉത്തേജക മരുന്നായി പരിഗണിക്കും. എന്നാല്‍ വിഷയത്തില്‍ വിവാദത്തിന് അടിസ്ഥാനമില്ലെന്നും ചികിത്സയുടെ ഭാഗമായാണ് മരുന്ന് ഉപയോഗിച്ചതെന്ന് യുവേഫയെ ബാധ്യപ്പെടുത്തിയതായും റയല്‍ മാഡ്രിഡ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ