ബാഴ്സലോണ: ലയണല്‍ മെസിയുടെ 45-ാം എല്‍ ക്ലാസിക്കോയ്ക്കാണ് ഇന്ന് മാഡ്രിഡില്‍ കളമൊരുങ്ങുന്നത്. ഒരു പക്ഷെ താരത്തിന്റെ അവസാനത്തെ ക്ലാസിക്കോ ആകാനുള്ള സാധ്യതകളുമുണ്ട്. 2021ല്‍ ബാഴ്സലോണയുമായുള്ള മെസിയുടെ കരാറവസാനിക്കുകയാണ്. അര്‍ജന്റീനന്‍ താരം ബാഴ്സ വിടുന്നുവെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ബാഴ്സയുടെ ചിരവൈരികളായി റയല്‍ മാഡ്രിഡിന്റെ പരിശീലകന് സിനദിന്‍ സിദാന് പോലും മെസി ബാഴ്സ വിടുന്നതിനോട് യോജിപ്പില്ല. സിദാന് അത് തുറന്ന് പറയുകയും ചെയ്തു. “മെസി എത്ര മികച്ചതാണെന്ന് നമുക്കറിയാം. ഈ എല്‍ ക്ലാസിക്കോ മെസിയുടെ അവസാനത്തേത് ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ ബാഴ്സലോണയില്‍ തുടരുമെന്നാണ് പ്രതീക്ഷ, അതാണ് സ്പാനിഷ് ലീഗിനും നല്ലത്,” സിദാന് പറഞ്ഞു.
കഴിഞ്ഞ സീസണിന്റെ അവസാനം മെസി ബാഴ്സ വിടുന്നതിന്റെ സൂചന നല്‍കിയിരുന്നു. ഡിസംബര്‍ മാസം ഭാവിയെപ്പറ്റി തീരുമാനമെടുക്കുമെന്നും താരം പ്രഖ്യാപിച്ചു. യോവാന്‍ ലപ്പോര്‍ട്ട ക്ലബ്ബ് പ്രസിഡന്റ് ആയി അധികാരത്തില്‍ തിരിച്ചെത്തിയത് മെസിയെ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
Read More: ആശാനും ശിഷ്യനും നേര്‍ക്കുനേര്‍, ഒപ്പം ‘ചിന്നത്തല’യുടെ തിരിച്ചുവരവും; ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം
എല്‍ ക്ലാസിക്കോകളില്‍ ഇതുവരെ 26 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. ബാഴ്സക്കായി താരത്തിന്റെ ആദ്യ ഹാട്രിക്കും റയലിനെതിരെയായിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതില്‍ പിന്നെ മെസിക്ക് ഗോള്‍ നേടാനായിട്ടില്ല. ബാഴ്സലോണയുടെ പരിശീലകന് റൊണാള് കോമാന് ഇത്തവണ മെസി ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ്.
നിലവില്‍ 23 ഗോളുകളുമായി മെസി തന്നെയാണ് ലീഗിലെ ടോപ് സ്കോറര്‍. കോമാന് കീഴില്‍ തുടക്കം മോശമായിരുന്നിട്ടും ബാഴ്സ ഫോമിലേക്ക് തിരിച്ചെത്തി. 19 മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറി. ഒമ്പത് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചു. റയലിനെ തോല്‍പ്പിക്കാനായാല്‍ കിരീടപ്പോരാട്ടത്തില്‍ ഒന്നാമതെത്താനും സാധിക്കും.
പ്രതിരോധ താരങ്ങളായ ജെറാഡ് പിക്യുവും സെര്‍ജി റോബെര്‍ട്ടോയും പരുക്ക് ഭേദമായി തിരിച്ചെത്തിയത് ബാഴ്സക്ക് ആശ്വാസമാകും. മറുവശത്ത് നായകന് സെര്‍ജിയോ റാമോസും റഫേല്‍ വരാനും ഇല്ലാതെയാകും റയല്‍ ഇറങ്ങുക. ഇരുവരുടെയും അഭാവത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്താന്‍ നിലവിലെ ചാമ്പ്യന്മാര്ക്ക് ആയിരുന്നു. കരിം ബെന്‍സിമയായിരിക്കും മുന്നേറ്റനിരയില്‍ റയലിനെ നയിക്കുക. ലീഗില്‍ 18 ഗോള്‍ ഫ്രഞ്ച് താരം നേടിയിട്ടുണ്ട്.
“ബാഴ്സലോണയെ നേരിടുമ്പോള്‍ വിജയം മാത്രമായിരിക്കും ലക്ഷ്യം, കാരണം ഞങ്ങള്‍ക്കിത് ഫൈനലിന് സമമാണ്,” ബെന്‍സിമ പറഞ്ഞു.