ഫുട്ബോൾ ലോകത്ത് അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സൂപ്പർതാരം റൊണാൾഡോയുടെ കൂടുമാറ്റം. റെക്കോർഡ് തുകയ്ക്ക് റയൽ മാഡ്രിഡിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മാറിയ റൊണാൾഡോ റയലിന്റെ നെടുംതൂണ് തന്നെയായിരുന്നു. ഇത് നന്നായി അറിയുന്ന താരമാണ് ചിരവൈരികളായ ബാഴ്സലോണയിലെ സൂപ്പർതാരം ലയണൽ മെസ്സി. അത്തരത്തിൽ തന്നെ പ്രതികരിച്ചിരിക്കുകയാണ് മെസ്സിയിപ്പോൾ.

“റയൽ മാഡ്രിഡ് ലോകത്തെ തന്നെ ഏറ്റവും മികച്ച ടീമാണ്. പക്ഷേ റൊണാൾഡോയുടെ അഭാവം ടീമിനെ ക്ഷയിപ്പിക്കുന്നുണ്ട്. അതേസമയം യുവന്റസിനെ സംബന്ധിച്ചിടത്തോളം റൊണാൾഡോയുടെ വരവ് ചാമ്പ്യൻസ് ലീഗിലുൾപ്പെടെ ഏറെ ഗുണം ചെയ്യും” മെസ്സി പറഞ്ഞു. കാറ്റലൂണിയ റേഡിയോയുടെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റയൽ വിട്ട് യുവന്റസിൽ ചേരാനുള്ള റൊണാൾഡോയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്നും, അദ്ദേഹം ഒരിക്കലും റയൽ വിടുമെന്ന് കരുതിയില്ലെന്നും മെസ്സി പറഞ്ഞു. എന്നാൽ ലോകത്തിലെ തന്നെ മികച്ച ക്ലബ്ബിലേക്കാണ് താരം പോയതെന്നും മെസ്സി കൂട്ടിച്ചേർത്തു. ലാ ലീഗയിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലം പരസ്പരം ഏറ്റുമുട്ടിയവരാണ് മെസ്സിയും റൊണാൾഡോയും.

ഓഗസ്റ്റിൽ സ്വന്തം മൈതാനത്ത് കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച മെസ്സി ഇത്തവണ ചാമ്പ്യൻസ് ലീഗ് കപ്പ് ബാഴ്‍സയിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2015 ലാണ് അവസാനമായി ബാഴ്‍സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook