കോഴിക്കോട്: മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോകുലം കേരള എഫ്‌സിയും റിയല്‍ കശ്മീര്‍ എഫ്‌സിയും തമ്മില്‍ വാക് പോരും വിവാദവും. ഗോകുലത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിയല്‍ കശ്മീര്‍ ക്ലബ്ബ് അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ഗോകുലം തങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ഗ്രൗണ്ട് നല്‍കിയില്ലെന്നും യാത്രയ്ക്ക് ബസ് ഏര്‍പ്പെടുത്തിയില്ലെന്നടക്കം നിരവധി ആരോപണങ്ങളാണ് ഗോകുലം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയടക്കം രംഗത്തെത്തി.

കശ്മീര്‍ ടീമിന്റെ ട്വീറ്റോടു കൂടിയായിരുന്നു വിവാദത്തിന് തുടക്കമായത്. ഇന്ന് രാവിലെ തങ്ങള്‍ക്ക് പരിശീലനത്തിന് ഗ്രൗണ്ട് അനുവദിച്ചില്ലെന്ന് ആരോപിച്ച് റിയല്‍ കശ്മീര്‍ രംഗത്തെത്തുകയായിരുന്നു. രണ്ട് ടീമുകള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു പരിശീലനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ താരങ്ങളെ ഗ്രൗണ്ടിലെത്തിക്കാനുള്ള വാഹനം എത്താതെ വന്നതോടെ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ച റിയല്‍ കശ്മീര്‍ അവിടെ പരിശീലനം നടത്തുകയായിരുന്നു.

കോഴിക്കോട് സ്‌റ്റേഡിയത്തിലെ പരിശീലന യോഗ്യമല്ലാത്ത ഭാഗത്ത് പരിശീലനം നടത്തുന്ന താരങ്ങളുടെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കശ്മീര്‍ ടീം പ്രതിഷേധം അറിയിച്ചത്. തങ്ങള്‍ക്ക് പരിശീലന ഗ്രൗണ്ടും യാത്രയ്ക്കുള്ള ബസും അനുവദിച്ചില്ലെന്ന് അവര്‍ ആരോപിച്ചു. കോഴിക്കോട് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയ തങ്ങളെ ഗോകുലം ടീമിന്റെ ഒഫീഷ്യലുകളിലൊരാള്‍ അധിക്ഷേപിക്കുകയും ഗ്രൗണ്ടില്‍ നിന്നും ഇറക്കി വിട്ടെന്നും ഗോകുലം ആരോപിക്കുന്നു. ഗോകുലം ഒഫീഷ്യലും കശ്മീര്‍ സ്റ്റാഫും തമ്മില്‍ കയര്‍ക്കുന്നതിന്റെ വീഡിയോയും കശ്മീര്‍ ടീം ട്വീറ്റ് ചെയ്തിട്ടുണ്ട്. കോച്ച് ഡേവിഡ് റോബര്‍ട്ട്‌സണിനേയും അധിക്ഷേപിച്ചതായി റിയല്‍ കശ്മീര്‍ ആരോപിക്കുന്നു.

റിയല്‍ കശ്മീര്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ മലയാളിയായ ഗോകുലം എഫ്‌സി ഒഫീഷ്യല്‍ കശ്മീര്‍ ടീമിനോട് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പറയുന്നതായി കാണാം. എന്നാല്‍ എന്താണ് തര്‍ക്കത്തിലേക്ക് നയിച്ചെന്നത് വ്യക്തമല്ല. കശ്മീര്‍ ടീം ഒഫീഷ്യലാണ് അപമര്യാദയായി പെരുമാറിയതെന്ന് അദ്ദേഹം മലയാളത്തില്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

ഇതോടെ വിഷയം വിവാദമായി മാറി. സോഷ്യല്‍ മീഡിയയില്‍ റിയല്‍ കശ്മീരിന് പിന്തുണയുമായി നിരവധി ആരാധകര്‍ രംഗത്തെത്തി. വിഷയം ഗുരുതരമാണെന്ന് വ്യക്തമായതോടെയാണ് ഒമര്‍ അബ്ദുള്ള ഇടപെട്ടത്. റിയല്‍ കശ്മീര്‍ പ്രശ്‌നങ്ങള്‍ നേരിടുണ്ടെന്നാണ് അറിഞ്ഞതെന്നും പ്രാദേശിക ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook