ന്യൂഡല്‍ഹി: “ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ അത് തീര്‍ച്ചയായും നിര്‍വഹിക്കും,” ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെക്കുറിച്ചു ചോദ്യത്തിന് ജസ്പ്രിത് ബുംറ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
“അവസരം ലഭിച്ചാൽ അതൊരു ബഹുമതിയാണ്, ഒരു കളിക്കാരനും വേണ്ടെന്ന് പറയുമെന്ന് ഞാൻ കരുതുന്നില്ല,” ബുംറ കൂട്ടിച്ചേർത്തു.
നായകസ്ഥാനത്ത് നിന്നുള്ള വിരാട് കോഹ്ലിയുടെ പടിയിറക്കത്തെക്കുറിച്ച് ബുംറ പറഞ്ഞു. “അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. തന്റെ ശരീരത്തിനെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന് ബോധ്യമുണ്ട്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. കോഹ്ലിയുടെ കീഴില്‍ കളിക്കാന്‍ സാധിച്ചത് സന്തോഷകരമായ ഒന്നാണ്. ഞാന്‍ അരങ്ങേറ്റം കുറിച്ചത് കോഹ്ലി നായകനായിരുന്നപ്പോഴാണ്,” ബുറ പറഞ്ഞു.
“കോഹ്ലി ടീമിന് ഊര്‍ജം നല്‍കി. ശാരീരിക ക്ഷമത വേണമെന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. കോഹ്ലിയുടെ കീഴില്‍ എല്ലാവരും ഒരു ദിശയിലായിരുന്നു. അദ്ദേഹം ഇനിയും ടീമിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട്,” താരം വ്യക്തമാക്കി.
ശനിയാഴ്ചയായിരുന്നു ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയുന്നുവെന്ന് അപ്രതീക്ഷിതമായി കോഹ്ലി പ്രഖ്യാപിച്ചത്. “ടീമിനെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ ഏഴ് വർഷത്തെ കഠിനാധ്വാനവും കഠിനാധ്വാനവും ദൈനംദിന സ്ഥിരോത്സാഹവും വേണ്ടി. ഞാൻ തികച്ചും സത്യസന്ധതയോടെ ജോലി ചെയ്തു, അവിടെ ഒന്നും അവശേഷിപ്പിച്ചില്ല. എല്ലാ കാര്യങ്ങളും നിർത്തണം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ആ ഘട്ടം എനിക്ക് ഇപ്പോഴാണ്,” കോഹ്ലി കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ കോഹ്ലിയാണെന്ന് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തെളിയിക്കുന്നു. കോഹ്ലിയുടെ കീഴില്‍ കളിച്ച 68 ടെസ്റ്റുകളില്‍ 40 എണ്ണവും ഇന്ത്യ വിജയിച്ചു. 2014 ലാണ് കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി എത്തിയത്.
Also Read: കെ.എൽ.രാഹുലിനെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കണമെന്ന് മുൻ ബിസിസിഐ സെക്രട്ടറി