ബംഗലൂരു: ഐപിഎല്ലിന്റെ പത്താം പതിപ്പിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഒമ്പതാം തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ 19 റൺസിനാണ് കിങ്ങ്സ് ഇലവൻ പഞ്ചാബ് ബാംഗ്ലൂരിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 119 റൺസിന് പുറത്താവുകയാരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന പഞ്ചാബ് പ്ലെ ഓഫ് സാധ്യതകൾ നിലനിർത്തി.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ വിരാട് കോഹ്‌ലി പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ഗുപ്റ്റിലിനെയും (9), ഹഷീം അംലയെയും(1) പുറത്താക്കി മികച്ച തുടക്കമാണ് ബാംഗ്ലൂർ നേടിയത്. 20 റൺസ് എടുത്ത ഷോൺ മാർഷും, 25 റൺസ് എടുത്ത മനൻ വോറയും പഞ്ചാബിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റി. അവസാന ഓവറുകളിൽ 17 കൂറ്റൻ അടികൾ കാഴ്ചവെച്ച അക്ഷർ പട്ടേലിന്റെ (38) മികവിലാണ് പഞ്ചാബ് 138 റൺ നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് ഒരിക്കൽക്കൂടി തകർന്നടിഞ്ഞു. ആദ്യ ഓവറിൽത്തന്നെ ക്രിസ് ഗെയിലിനെ നഷ്ടപ്പെട്ട ബാംഗ്ലൂർ ചീട്ടുകൊട്ടാരം പൊലെ വീണു. വിരാട് കോഹ്‌ലി (6), ഡിവില്ലിയേഴ്സ്(10, ഗെയിൽ(0) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി സന്ദീപ് ശർമ്മ ബാംഗ്ലൂരിന്റെ അന്തകനായി. 40 പന്തിൽ 46 റൺസ് എടുത്ത മന്ദീപ് സിങ്ങാണ് ബാംഗ്ലൂരിന്റെ സ്കോർ 50 കടത്തിയത്.

പഞ്ചാബിനായി സന്ദീപ് ശർമ്മ, അക്ഷർ പട്ടേൽ​ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ശേഷിക്കുന്ന 4 വിക്കറ്റുകൾ മോഹിത് ശർമ്മയും ഗ്ലെൻ മാക്സ്‌വെല്ലും പങ്കിട്ട് എടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ