വിവാദ പ്രസ്താവനകളാൽ പ്രശസ്തനാണ് കെആർകെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കമാൽ റാഷിദ് ഖാൻ. അടുത്തിടെ കെആർകെ സിനിമാ നടന്മാർക്കെതിരെ പല വിവാദ പ്രസ്താവനകളും നടത്തിയിരുന്നു. അതിൽതന്നെ ഏറ്റവും വിവാദമായത് മോഹൻലാലിനെ ഛോട്ടാം ഭീം എന്നു വിളിച്ചതായിരുന്നു. ഇതിൽ കെആർകെ പിന്നീട് മാപ്പു പറയുകയും ചെയ്തു. പിന്നീട് ആമിർ ഖാനെയും മോഹൻലാലിനെയും കളിയാക്കിയിരുന്നു.

സിനിമാ മേഖലയിൽനിന്നുളളവരെ വിട്ട് ഇപ്പോൾ ക്രിക്കറ്റ് കളിക്കാരെ പിടികൂടിയിരിക്കുകയാണ് കെആർകെ. ഇത്തവണത്തെ ഐപിഎൽ സീസണിലെ മോശം പ്രകടനം നടത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയാണ് കെആർകെ അധിക്ഷേപിച്ചിരിക്കുന്നത്.

വിരാട് കോഹ്‌ലിയെ അഹങ്കാരിയെന്നാണ് കെആർകെ വിളിച്ചിരിക്കുന്നത്. ഐപിഎല്ലിൽ ഇത്തവണ ആർസിബി ഏറ്റവും പുറകിലാകാൻ കാരണം വിരാട് കോഹ്‌ലിയുടെ അഹങ്കാരം കൊണ്ടാണെന്നാണ് കെആർകെയുടെ ട്വീറ്റ്. രാജ്യംവിട്ട് ഒളിച്ചോടിയ വിജയ് മല്യയോടും കെആർകെ കോഹ്‌ലിയെ താരതമ്യപ്പെടുത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിരാട് കോഹ്‌ലിയെ മാത്രമല്ല എം.എസ്.ധോണിയെയും കെആർകെ കളിയാക്കിയിട്ടുണ്ട്.

ഐപിഎല്ലിൽ തുടർച്ചയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൽസരങ്ങൾ തോറ്റിരുന്നു. മാത്രമല്ല പ്ലേ ഓഫ് സാധ്യത നിലനിർത്താനും ബാംഗ്ലൂരിനായില്ല. 12 മൽസരങ്ങൾ കളിച്ചപ്പോൾ അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബാംഗ്ലൂർ വിജയിച്ചത്. ബാക്കി ഒൻപതു മൽസരങ്ങളിലും തോറ്റു. അഞ്ച് പോയിന്റുമായി അവസാന സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook