ഇന്ത്യൻ പ്രിമീയർ ലീഗിനായുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 19നാണ് ഐപിഎൽ 13-ാം പതിപ്പിന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ നിയന്ത്രണങ്ങളിലാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. അതേസമയം ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും മത്സരക്രമം ഇതുവരെ പ്രസിദ്ധീകരിച്ചട്ടില്ല.

മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റിൽ ആദ്യ മത്സരം മുംബൈയും ചെന്നൈ സൂപ്പർ കിങ്സുമായിട്ടായിരുന്നു. എന്നാൽ ദുബായിയിലേക്ക് വേദി മാറ്റുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് പകരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരിക്കും മുംബൈ ഇന്ത്യൻസിനെ നേരിടുകയെന്ന് സൂചന. ചെന്നൈ ടീമിലെ പത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എത്തുന്നത്.

Also Read: കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നും; ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന

“ഉദ്ഘാടന മത്സരത്തിൽ മിക്കവറും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരിക്കും മുംബൈയ്ക്കെതിരെ കളിക്കുക. കാരണം ആദ്യ മത്സരത്തിൽ താരങ്ങളെ ഫീൽഡിൽ വേണം. എംഎസ് ധോണിയില്ലെങ്കിൽ അടുത്തത് കോഹ്‌ലിയാണ്. ചെന്നൈ സൂപ്പർ കിങ്സ് കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമനമായിട്ടുമില്ല,” ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ചെന്നൈ സൂപ്പർ കിങ്സിലെ ഇന്ത്യൻ താരം ദീപക് ചാഹർ ഉൾപ്പടെ രണ്ട് താരങ്ങൾക്കും പത്തിലധികം സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് ഇത്രയധികം പോർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വലിയ ആശങ്കയാണ് സംഘാടകരിലും മറ്റ് ഫ്രാഞ്ചൈസികളിലും സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ചെന്നൈയ്ക്കെതിരെ പല ഫ്രാഞ്ചൈസികളും ബിസിസിഐയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

Also Read: “കിരീട നേട്ടത്തോടെയല്ലാതെ രോഹിത് 2023 ലോകകപ്പ് പൂർത്തിയാക്കില്ല”

മാനദണ്ഡങ്ങൾ പാലിക്കാതെ ക്യാമ്പ് സംഘടിപ്പിച്ചതിനും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാതിരുന്നതിനും സൂപ്പർ കിങ്സിന് താക്കീത് നൽകണമെന്നാവശ്യപ്പെട്ട് ഫ്രാഞ്ചൈസികൾ ബിസിസിഐയെ സമീപിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ക്യാമ്പിലടക്കം സാമൂഹിക അകലം പാലിക്കാൻ ചെന്നൈ താരങ്ങൾ സാധിച്ചില്ലെന്നാണ് വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook