ബംഗളൂരു: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേയ്സിനെതിരെ റോയൽ ചലഞ്ചേയ്സ് ബാംഗ്ലൂരിന് ദയനീയ തോൽവി. കൊൽക്കത്ത ഉയർത്തിയ 132 റൺസിന്റെ വിജയലഷ്യം പിന്തുടർന്ന ബാംഗ്ലൂർ 9.3 ഓവറിൽ 49 റൺസിന് എല്ലാവരും പുറത്തായി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണ് ബാംഗ്ലൂർ നേടിയത്.

റണ്‍സൊന്നും എടുക്കാതെ വിരാട് കോഹ്ലി ആദ്യം മടങ്ങിയപ്പോള്‍ എട്ട് റണ്‍സെടുത്ത് ഡിവില്ലിയേഴ്സ് കൂടാരം കേറി. ജാദവ് 9 റണ്‍സിന് പുറത്തായപ്പോള്‍ വമ്പന്‍ അടിക്ക് ശ്രമിച്ച ഗെയില്‍ ഏഴ് റണ്‍സ് മാത്രം നേടി പുറത്തായി.

ബാംഗ്ലൂർ നിരയിൽ ഒരു ബാറ്റ്സ്മാന്‍ പോലും രണ്ടക്കം കടക്കാനായില്ല. ഒമ്പത് റൺസ് നേടിയ കേദാർ ജാദവാണ് ബാംഗ്ലൂർ നിരയിൽ ടോപ്സ്കോറർ. ബാംഗ്ലൂരിന് വേണ്ടി കാൾട്ടർ നെയ്ൽ, ക്രിസ് വോക്സ്, ഗ്രാന്തോം എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണർ സുനിൽ നരയ്ന്റെ(17 പന്തിൽ 34) വെടിക്കെട്ട് ബാറ്റിംഗിന്റെ മികച്ച തുടക്കം ലഭിച്ചാണ് കൊൽക്കത്ത കളം നിറഞ്ഞത്. എന്നാല്‍ പിന്നാലെ വന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് അത് മുതലാക്കാനായില്ല. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ കൊൽക്കത്ത 19.3 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. എന്നാല്‍ ബാംഗ്ലൂരിനും കാലിടറിയതോടെ വിജയം കൊല്‍ക്കത്തയ്ക്ക് ഒപ്പം നിന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ