ക്രിക്കറ്റ് ചരിത്രത്തിൽ പുതു അധ്യായം എഴുതിയിരിക്കുകയാണ് ടീം ഇന്ത്യ. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്രമെഴുതിയത്.

സിഡ്നിയിൽ ഇന്ത്യൻ ടീം ബോർഡർ-ഗവാസ്കർ ട്രോഫി ഉയർത്തിയപ്പോൾ ക്രിക്കറ്റ് ആരാധകർ പാട്ടു പാടിയും നൃത്തം ചെയ്തുമാണ് ആഘോഷിച്ചത്. വിജയ ഡാൻസ് കളിച്ചാണ് ഇന്ത്യൻ ടീം ആഘോഷിച്ചത്. ടീമിന്റെ വ്യത്യസ്തമായ നൃത്തച്ചുവടുകൾ ക്രിക്കറ്റ് ലോകത്തിന് പുതുമയുള്ള കാഴ്ചയായി. ചരിത്ര നേട്ടത്തിനു സാക്ഷിയാകാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്കയും എത്തിയിരുന്നു. കോഹ്‌ലിയെ ആലിംഗനം ചെയ്താണ് അനുഷ്ക സന്തോഷം പങ്കിട്ടത്. ചരിത്ര നിമിഷത്തിലെ ദൃശ്യങ്ങൾ കോർത്തിണങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദർശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിൻഡീസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ മാത്രമാണ് ഓസ്ട്രേലിയയിൽ അവർക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.

Read: പൂജാരയെ സ്റ്റെപ് പഠിപ്പിച്ച് പന്ത്, ആഘോഷ നൃത്തം വച്ച് കോഹ്‌ലിയും കൂട്ടരും; വീഡിയോ

ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വർഷങ്ങൾക്കിടയിൽ ഏഷ്യൻ രാജ്യങ്ങൾ മാത്രം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്. ഓസ്ട്രേലിയയിൽ ടെസ്റ്റ് കളിക്കുന്ന ഏഷ്യയിൽ നിന്നുള്ള 29-ാമത്തെ നായകനാണ് വിരാട് കോഹ്‍ലി. മറ്റാർക്കും നേടാനാകാത്ത ആ നേട്ടം തന്റെ കിരീടത്തിലെ പൊൻതൂവലാക്കിയിരിക്കുകയാണ് താരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ