വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ എന്നിവരെപ്പോലെ ഇന്ത്യന്‍ ടീമിലെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഈ നിലയിലേക്കുള്ള ജഡേജയുടെ ഉയര്‍ച്ച വളരെ പെട്ടെന്നുള്ള ഒന്നായിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയിട്ടും ഇന്ത്യന്‍ കുപ്പായത്തില്‍ പലപ്പോഴും ജഡേജയുടെ പ്രകടനം മങ്ങി നില്‍ക്കുകയായിരുന്നു.
പക്ഷെ ഇടവേളയ്ക്ക് ശേഷം മടങ്ങി വന്നിരിക്കുന്ന ജഡേജ തന്റെ പ്രകടന മികവ് ഒന്നു കൂടി ഉയര്‍ത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ജഡേജയെ ബാറ്റിങ്ങില്‍ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള പദ്ധതി തനിക്കുണ്ടെന്ന കാര്യം രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് അടിവരയിടുന്ന പ്രകടനമാണ് ജഡേജ ട്വന്റി 20 പരമ്പരയിലും ഇപ്പോള്‍ ടെസ്റ്റിലും പുറത്തെടുത്തിരിക്കുന്നത്.
അനായസം ബാറ്റിങ്
ആദ്യ ഇന്നിങ്സില്‍ ജഡേജ കുറിച്ചത് 175 റണ്‍സായിരുന്നു. ലങ്കന്‍ ബോളര്‍മാര്‍ക്ക് താരത്തെ കീഴ്പ്പെടുത്താനും കഴിഞ്ഞില്ല. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ബോളിങ് നിരയായിരുന്നു ലങ്കയുടേത്. പക്ഷെ രോഹിതിനേയും കോഹ്ലിയേയും വരെ അവര്‍ക്ക് അത്ഭുതപ്പെടുത്താനും വീഴ്ത്താനും സാധിച്ചു.
എന്നാല്‍ ജഡേജയിലേക്ക് എത്തിയപ്പോള്‍ ഒരു ഘട്ടത്തിലും ബോളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായിരുന്നില്ല. പുഴ ഒഴുകുന്ന പോലെ അനായാസമായിരുന്നു ജഡേജയുടെ ബാറ്റില്‍ നിന്ന് റണ്‍സ് പിറന്നത്. 17 ഫോറുകളും മൂന്ന് സിക്സറുകളും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ലഹിരു കുമാരയുടെ വേഗതയ്ക്കൊ ലക്മലിന്റെ മികവിനൊ വഴങ്ങാന്‍ ജഡേജ തയാറായിരുന്നില്ല.

കേവലം ബാറ്ററെന്ന നിലയില്‍ മാത്രം താരത്തിന്റെ പ്രകടനത്തെ വിലയിരുത്തിയാല്‍ പോര. ടീമിനെ കരകയറ്റാനുള്ള ഉത്തരവാദിത്വം ജഡേജയെന്ന ബാറ്റര്‍ കാണിച്ചു. റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടു തീര്‍ക്കാന്‍ താരത്തിനായി. മൂന്നിലും ജഡേജയുടെ ആധിപത്യവും പ്രകടമായിരുന്നു.
സ്പിന്‍ മാന്ത്രികത ആവര്‍ത്തിക്കുമ്പോള്‍
ഇന്ത്യന്‍ മണ്ണില്‍ ജഡേജയുടെ ബോളിങ് എത്രത്തോളം മികവുറ്റതാണെന്ന് വര്‍ഷങ്ങളായി ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞതാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളിലെ കരുത്തുറ്റ ബാറ്റര്‍മാര്‍ ജഡേജയുടെ ഇരകളായി തീര്‍ന്നിട്ടുമുണ്ട്. അതിന്റെ തുടര്‍ക്കഥമാത്രമായിരുന്നു ശ്രീലങ്കയ്ക്കെതിരായ പ്രകടനം.
മൂന്നാം ദിനം ലങ്കയുടെ 16 വിക്കറ്റുകളാണ് വീണത്. ഇതില്‍ എട്ടെണ്ണവും നേടിയത് ജഡേജയായിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി വീഴ്ത്തിയത് ഒന്‍പത് ബാറ്റര്‍മാരെ. 150 റണ്‍സിന് മുകളില്‍ സ്കോറും ചെയ്ത് ഒരു ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും നേടി. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇതുപോലൊന്ന് ക്രിക്കറ്റ് മൈതാനത്ത് സംഭവിക്കുന്നതെന്ന പ്രത്യേകതയും ജഡേജയുടെ പ്രകടനത്തിനുണ്ട്.
ഭാഗ്യമൈതാനം
മൊഹാലിയിലെ മൈതാനം തനിക്കെന്നും ഭാഗ്യം നല്‍കിയിട്ടുണ്ടെന്നാണ് ജഡേജ മത്സരശേഷം പറഞ്ഞത്. “ഞാന്‍ റിഷഭ് പന്തുമായി കൂട്ടുകെട്ട് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. പന്തിന് അവസരം നല്കി മറുവശത്ത് നിന്ന് ആസ്വദിക്കുകയായിരുന്നു ചെയ്തത്. ടീമിനുവേണ്ടി റണ്‍സ് നേടാനും വിക്കറ്റെടുക്കാനും സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്,” ജഡേജ പറഞ്ഞു.
“തീര്‍ച്ചയായും ഇത്തരമൊരു പ്രകടനം ഒരു കളിക്കാരന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഞാന്‍ കൂടുതലായി ഒന്നും ചെയ്തിട്ടില്ല. എന്റെ സാധ്യതകള്‍ ഉപയോഗിച്ചു. സമയമെടുത്ത് നിലയുറപ്പിച്ചു. എല്ലാ കാര്യങ്ങളും ലളിതമായി എടുക്കാനാണ് എനിക്ക് താത്പര്യം,” ഇന്നിങ്സിനെക്കുറിച്ച് ജഡേജ വിശദമാക്കി.
Also Read:സ്പിന്‍കുഴിയില്‍ ലങ്ക വീണു; അനായാസ ജയവുമായി ഇന്ത്യ