ദി കംപ്ലീറ്റ് ഓൾറൗണ്ടർ എന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് രവീന്ദ്ര ജഡേജ. ബാറ്റ് കൊണ്ട് റൺസെടുക്കാനും പന്ത് കൊണ്ട് വിക്കറ്റെടുക്കാനും മാത്രമല്ല തകർപ്പൻ ക്യാച്ചുകളിലൂടെയും വേഗതയിലൂടെയും ഫീൾഡിങ്ങിലും തന്റെ മികവ് തെളിയിക്കാൻ ജഡേജക്ക് സാധിച്ചിട്ടുണ്ട്. ഈ ലോകകപ്പിലും ഇതിനോടകം തന്റെ ഫീൾഡിങ് മികവ് താരം തെളിയിച്ചതാണ്. പകരക്കാരനായി ഇറങ്ങി പറക്കും ക്യാച്ചുകളിലൂടെ കാണികളുടെ കൈയ്യടി നേടിയ ജഡേജ പ്ലെയിങ് ഇലവനിൽ എത്തിയപ്പോൾ റെക്കോർഡ് ബുക്കിലും ഇടം നേടി.

രണ്ട് മത്സരങ്ങളിൽ നിന്ന് 41 റൺസാണ് ഇതിനോടകം മൈതാനത്ത് ജഡേജ സേവ് ചെയ്തത്. എതിരാളികളുടെ ഷോട്ട് ബൗണ്ടറി കടക്കുന്നത് തടയാൻ മൈതാനത്ത് മതിൽ തീർത്ത ജഡേജ പട്ടിരയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് വെറും രണ്ട് മത്സരങ്ങളിൽ നിന്നാണ് എന്നുള്ളതും എടുത്ത് പറയണം. സർക്കിളിനകത്ത് ഫീൾഡിങ് നിന്നപ്പോൾ 24 റൺസും സർക്കിളിന് പുറത്ത് നിന്ന് 17 റൺസും ജഡേജ സേവ് ചെയ്തു.

34 റൺസ് സേവ് ചെയ്ത ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്‌റ്റിലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളിൽ നിന്നാണ് ഗപ്റ്റിൽ 34 റൺസ് സേവ് ചെയ്തത്. ബൗണ്ടറി ലൈനിൽ 23 റൺസ് ഉൾപ്പടെ ആകെ 32 റൺസ് സേവ് ചെയ്ത ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെലാണ്.

ഇന്ത്യയുടെ ഒമ്പത് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജഡേജ ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത്. ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. പത്ത് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജഡേജ മൂന്ന് ക്യാച്ചിലും ഒരു റൺഔട്ടിലും പങ്കാളിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook